നഷ്ടമായത് ഭാവിയുള്ള മാധ്യമപ്രവര്‍ത്തകനെ; ബഷീറിന്റെ അപകട മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd August 2019 09:23 AM |
Last Updated: 03rd August 2019 09:23 AM | A+A A- |
ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീര്‍ മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീറെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം നഗരമധ്യത്തില്‍വെച്ചുണ്ടായ അപകടത്തിലാണ് ബഷീര്‍ കൊല്ലപ്പെട്ടത്. സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന വണ്ടിയിടിച്ചാണ് മുഹമ്മദ് ബഷീറിന്റെ മരണം. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. താനല്ല സുഹൃത്താണ് വാഹനം ഓടിച്ചത് എന്നാണ് ശ്രീറാം പറയുന്നത്. എന്നാല്‍ വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്നാണ് സാക്ഷിമൊഴി.
മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.