മഴ ചതിക്കുമോ?; 16ന് ശേഷം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd August 2019 02:31 PM |
Last Updated: 03rd August 2019 02:31 PM | A+A A- |

തിരുവനന്തപുരം: മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ ഈ മാസം 16 ന് ശേഷം സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി. 16ന് ചേരുന്ന കെഎസ്ഇബി യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിളള അറിയിച്ചു.
നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. 86ദിവസം കൂടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുളള വെളളം മാത്രമാണുളളത്. വരുന്ന 16ന് സ്ഥിതി വിലയിരുത്താന്‍ വീണ്ടും ഉന്നതതലയോഗം ചേരും. നിലവിലെ സ്ഥിതിയില്‍ മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മഴ കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞമാസം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി നീക്കം നടത്തിയിരുന്നു. എന്നാല്‍ ജൂലായ് പകുതിയോടെ മഴ ശക്തിപ്രാപിച്ചത് പ്രതീക്ഷ നല്‍കി. വിവിധ ജില്ലകളില്‍ മികച്ച മഴയാണ് ലഭിച്ചത്. പിന്നീട് മഴ ദുര്‍ബലമാകുന്നതാണ് കണ്ടത്. കര്‍ക്കടകമാസമായിട്ടുകൂടി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചില്ല. അതേസമയം കാലവര്‍ഷത്തിന്റെ അവസാന രണ്ടുമാസങ്ങളായ ഓഗസ്റ്റിലും സെപ്റ്റംബറിലും രാജ്യത്ത് മെച്ചപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.