അതുകൊണ്ടൊക്കെയാണ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ക്കു മേലേയിരിക്കുന്നത്; കുറിപ്പ്

അതുകൊണ്ടൊക്കെയാണ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ക്കു മേലേയിരിക്കുന്നത്; കുറിപ്പ്
അതുകൊണ്ടൊക്കെയാണ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ക്കു മേലേയിരിക്കുന്നത്; കുറിപ്പ്


ലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വരുത്തിവച്ചത്, ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ മദ്യലഹരിയിലെ ഡ്രൈവിങ് ആണെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുകയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സാമൂഹ്യ ബോധവും ഉത്തരവാദിത്വ ബോധവും. സര്‍വീസില്‍ ചെയ്ത ചില നടപടികളുടെ പേരില്‍ ഹീറോ ഇമേജ് നേടിയ ഉദ്യോഗസ്ഥനാണ് ശ്രീറാം. ഇപ്പോള്‍ ശ്രീറാം വില്ലനായി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ജനാധിപത്യത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്ഥാനം തൂക്കിനോക്കുകയാണ് ഈ കുറിപ്പില്‍ വൈശാഖന്‍ തമ്പി.

വൈശാഖന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

നിങ്ങളുടെ കാര്യങ്ങളൊക്കെ നോക്കിനടത്താന്‍ ഒരാളെ നിയമിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു. രണ്ടുപേരാണ് മുന്നിലുള്ളത്. ഒന്ന് എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് നേടിയതിന്റെ സര്‍ട്ടിഫിക്കേറ്റുകളുമായി വന്ന അപരിചിതനായ ഒരാളും, രണ്ട് നിങ്ങള്‍ക്ക് പണ്ട് മുതലേ അറിയാവുന്ന, നിങ്ങളുടെയിടയില്‍ ജീവിച്ചുവളര്‍ന്ന, നിങ്ങളുടെയത്ര തന്നെ കാര്യപ്രാപ്തിയുള്ള ഒരാളുമാണ്. നിങ്ങള്‍ ആരെ നിയമിക്കും?

രണ്ടാമത്തെയാളിനല്ലേ അവിടെ മുന്‍ഗണന കിട്ടുക? കാരണം അസാമാന്യ പ്രതിഭയും ബുദ്ധിജീവിയുമൊക്കെ ആണെന്നുള്ളതുകൊണ്ട് ഒരാള്‍ക്ക് നിങ്ങളോട് വിശ്വസ്തതയുണ്ടാകണമെന്നോ, അയാള്‍ക്ക് നിങ്ങളുടെ ഉയര്‍ച്ചയില്‍ താത്പര്യമുണ്ടാകണമെന്നോ ഗാരന്റിയില്ല. രണ്ടാമത്തെയാളില്‍ നിന്ന് അത് കൂടുതല്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ അഭിവൃദ്ധിയ്ക്ക് സ്വന്തം നിലയില്‍ ഉയര്‍ച്ച നേടിയ ആളെക്കാള്‍ ഗുണപ്പെടുക, നിങ്ങളെ മനസ്സിലാക്കി നിങ്ങള്‍ അഭിവൃദ്ധി പ്രാപിക്കണം എന്നാഗ്രഹമുള്ള ആളാണ്. ഇത് തിരിച്ചറിയുന്ന ഒരു സാമൂഹ്യക്രമമാണ് ജനാധിപത്യം. അതുകൊണ്ടാണ് ജനപ്രതിനിധി എന്നത് അവിടെ പരമോന്നതമായ ഒരു സ്ഥാനമായിരിക്കുന്നതും, ഉദ്യോഗസ്ഥവൃന്ദം അവര്‍ക്ക് താഴെ മാത്രമായിരിക്കുന്നതും.

ഒരാള്‍ എങ്ങനെയാണ് ഐ.ഏ.എസ്. നേടുന്നത്? ടാലന്റ് ഉള്ളതുകൊണ്ടാണ്, നല്ലോണം അധ്വാനിച്ചിട്ടാണ് എന്നൊക്കെ പല ഉത്തരങ്ങളുണ്ടാകാം. പക്ഷേ അങ്ങനെ അധ്വാനിച്ച് നേടിയ സ്ഥാനം, കാര്യപ്രാപ്തിയുടെ തെളിവേ ആകുന്നുള്ളൂ. ആ പ്രാപ്തി ഒരാള്‍ എന്തിനൊക്കെ വേണ്ടി ഉപയോഗിക്കും എന്ന ചോദ്യത്തിന് ആ സ്ഥാനം ഒരു ഉത്തരമല്ല. അതുകൊണ്ടാണ് ഐ.ഏ.എസ്. /ഐ.പി.എസ്. പ്രഭൃതികളെ നിയമപ്രകാരമുള്ള ഭരണനിര്‍വഹണം ഏല്‍പ്പിക്കുമ്പോഴും, നിയമനിര്‍മാണം ജനപ്രതിനിധികളുടെ ചുമതലയായി നിര്‍ത്തിയിരിക്കുന്നത്. നടത്തിപ്പുചുമതലയാണ് ഉദ്യോഗസ്ഥര്‍ക്ക്, ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ട കാര്യങ്ങളാണ് നടത്തേണ്ടത് എന്നുറപ്പിക്കാനാണ് അവര്‍ തന്നെ തെരെഞ്ഞെടുക്കുന്ന പ്രതിനിധികളെ ഉദ്യോഗസ്ഥര്‍ക്ക് മുകളിലിരുത്തുന്നത്. അങ്ങനെയാണ് പ്രോട്ടോക്കോള്‍ പ്രകാരം ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളുടെ താഴെയായിരിക്കുന്നത്. കേരളത്തിലെ മൂന്നര കോടി മനുഷ്യര്‍ ചേര്‍ന്ന് തെരെഞ്ഞെടുക്കുന്ന 140 പേര്‍ എന്നുവെച്ചാല്‍, അവരിലോരോരുത്തരും രണ്ടരലക്ഷത്തോളം മനുഷ്യര്‍ക്ക് തുല്യമായ സ്ഥാനമാണ് സംസ്ഥാനഭരണത്തില്‍ നിര്‍വഹിക്കുന്നത്. അതൊരു ചെറിയ കാര്യമല്ല.

തന്റെ പറമ്പിലെ കരിയില പെറുക്കി വിറ്റാല്‍ പോലും കളക്ടറുടെ ശമ്പളത്തെക്കാല്‍ കൂടുതല്‍ കിട്ടും എന്ന് പറയുന്ന, രാഷ്ട്രീയക്കാരെ നാവുബലം കൊണ്ടും കൈയൂക്ക് കൊണ്ടും തോല്‍പ്പിക്കുന്ന, ജോസഫ് അലക്‌സ് എന്ന നായകനെ ഓര്‍മ്മയില്ലേ? ദ് കിങ് എന്ന ആ സിനിമ അതിലെ സ്ത്രീവിരുദ്ധതയുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുമ്പോള്‍, അത്ര തന്നെയോ കൂടുതലോ ഗൗരവമുള്ള ഈ ആശയം ശ്രദ്ധിക്കപ്പെടാറില്ല. ജനപ്രതിനിധികളെല്ലാം വിഡ്ഢികളും അഴിമതിക്കാരും ആണെന്നും, പരീക്ഷയില്‍ റാങ്ക് നേടിയ ഉദ്യോഗസ്ഥരാണ് ശരിയ്ക്കുള്ള ഹീറോമാര്‍ എന്നും പറഞ്ഞുവെക്കുന്നതില്‍ പരം പ്രതിലോമകരമായ ഒരു ആശയം ജനാധിപത്യത്തില്‍ ഇല്ല. അവിടന്ന് ഇവിടം വരെ, ഹീറോയിസത്തിന്റെ പേരില്‍ വാഴ്ത്തപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഒരുപാട് ഉണ്ടായിട്ടുണ്ട് കേരളത്തില്‍. സകല കുഴപ്പങ്ങളുടേയും പഴി രാഷ്ട്രീയക്കാരുടെ ചുമലില്‍ ചാര്‍ത്തുമ്പോള്‍, ഇവര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ ഇമേജാണ് കിട്ടുക.

നല്ലത് ചെയ്യുമ്പോള്‍ അഭിനന്ദിക്കരുത് എന്നല്ല പറഞ്ഞുവരുന്നത്, പക്ഷേ കാര്യങ്ങളുടെ കിടപ്പുവശം അറിയാതെ പോകരുത്. ഈ നാട്ടില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രീയക്കാരിലൂടെയാണ് നല്ലതായാലും ചീത്തയായാലും. എന്തൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാലും, അവര്‍ ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട, ജനങ്ങളുടെ തന്നെ പ്രതിനിധികളാണ്. തെരെഞ്ഞെടുപ്പ് പാളിപ്പോയാല്‍, ആദ്യത്തെ പഴി തെരെഞ്ഞെടുക്കുന്നവര്‍ക്ക് മേലാണ് വരേണ്ടത്. തെരെഞ്ഞെക്കപ്പെട്ടവരുടെ ഉത്തരവാദിത്വം അതിന് താഴെയേ വരൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com