അപകടകരമായ വാഹനമോടിക്കലിനെ പ്രോത്സാഹിപ്പിച്ചു; വഫയേയും പ്രതിചേര്‍ത്തു, ലൈസന്‍സ് റദ്ദാക്കും

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം വാഹനത്തില്‍ സഞ്ചരിച്ച സുഹൃത്ത് വഫാ ഫിറോസിനെതിരെയും പൊലീസ് കേസെടുത്തു
അപകടകരമായ വാഹനമോടിക്കലിനെ പ്രോത്സാഹിപ്പിച്ചു; വഫയേയും പ്രതിചേര്‍ത്തു, ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം വാഹനത്തില്‍ സഞ്ചരിച്ച സുഹൃത്ത് വഫാ ഫിറോസിനെതിരെയും പൊലീസ് കേസെടുത്തു. അപകടകരമായ വാഹനമോടിക്കലിനെ പ്രോത്സാഹിപ്പിച്ചു എന്നാണ് വഫയ്‌ക്കെതിരെയുള്ള കുറ്റം.മോട്ടോര്‍വാഹന നിയമം അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വഫായെ ജാമ്യത്തില്‍ വിട്ടു.

അതേസമയം അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫാ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കും. അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത് ചൂണ്ടിക്കാണിച്ചാണ് നീക്കം. ഇതിന് വേണ്ട നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി. വഫയുടെ കാറിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും. കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട്  മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ശ്രീറാമിനെതിരെ ചുമത്തുകയായിരുന്നു. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്‌ട്രേറ്റുമായി എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീറാമിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. 

അപകടസമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വാഹന ഉടമയും സംഭവത്തിലെ പ്രധാന സാക്ഷിയുമായ വഫാ ഫിറോസിന്റെ മൊഴിയാണ് ശ്രീറാമിന് കുരുക്കായത്. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് വഫ കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നിന്നും വഞ്ചിയൂര്‍ കോടതിയിലെത്തിച്ച വഫാ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഞ്ചിലാണ് അഞ്ച് പേജുള്ള രഹസ്യമൊഴി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com