കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് സാക്ഷിമൊഴി; കൂടെയുണ്ടായിരുന്ന സ്ത്രീയെ വൈദ്യപരിശോധന നടത്താതെ വിട്ടയച്ചെന്ന് ആക്ഷേപം

ശ്രീറാം തന്നെയാണ് വാഹനമോടിച്ചത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്
കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് സാക്ഷിമൊഴി; കൂടെയുണ്ടായിരുന്ന സ്ത്രീയെ വൈദ്യപരിശോധന നടത്താതെ വിട്ടയച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം; സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചത് താന്‍ അല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. സുഹൃത്താണ് വാഹനമോടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നത്. ആരാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമാകാനായി അപകടം നടന്നതിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് അപകടത്തില്‍ മരിച്ചത്.

എന്നാല്‍ ശ്രീറാം തന്നെയാണ് വാഹനമോടിച്ചത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പുരുഷന്‍ തന്നെയാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് എന്നാണ് അപകടത്തിന് സാക്ഷിയായ ഓട്ടോ ഡ്രൈവറുടെ മൊഴി. വഫാ ഫിറോസ് എന്ന സ്ത്രീയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകട സമയത്ത് അവര്‍ കാറിലുണ്ടായിരുന്നു.

അതേസമയം, സംഭവത്തിൽ അപകടത്തിന് ശേഷം പൊലീസ് എടുക്കേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കൂടെയുണ്ടായിരുന്ന വഫയെ വൈദ്യപരിശോധന നടത്താതെ മറ്റൊരു വാഹനത്തിൽ പറഞ്ഞയക്കുകയാണ് പൊലീസ് ചെയ്തത്. താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞതോടെ മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് ശേഷമാണ് ഇവരെ പൊലീസ് വിളിച്ചു വരുത്തിയത്. തുടർന്ന് വഫയെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കി. കാര്‍ ഓടിച്ചത് ആരാണെന്ന് വ്യക്തമാകാനായി അപകടം നടന്നതിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളാകും പരിശോധിക്കുക.

അമിതവേഗത്തില്‍ വന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com