'പിണറായി വിജയന്‍ മറന്നാലും ആളുകള്‍ മറക്കാന്‍ ഇടയില്ല; നിയമനം അഴിമതി നന്നായി നടത്താന്‍ അറിയാം എന്നതുകൊണ്ടാണോ?'

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനായി പുതിയ തസ്തിക സൃഷ്ടിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍
'പിണറായി വിജയന്‍ മറന്നാലും ആളുകള്‍ മറക്കാന്‍ ഇടയില്ല; നിയമനം അഴിമതി നന്നായി നടത്താന്‍ അറിയാം എന്നതുകൊണ്ടാണോ?'

കൊച്ചി: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനായി പുതിയ തസ്തിക സൃഷ്ടിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. വ്യവസായ വകുപ്പില്‍ ഏറ്റവും കൂടുതല്‍  അഴിമതി നടത്തിയ സെക്രട്ടറിമാരില്‍ ഒരാളാണ് ടി ബാലകൃഷ്ണന്‍ എന്ന് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അങ്ങനെയുളള ഒരാളെ സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാരെക്കാളും കൂലി കൊടുത്ത് പുതിയ ലാവണം നല്‍കി പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന് ഹരീഷ് വാസുദേവന്‍ കുറ്റപ്പെടുത്തി. ആറന്മുള വിമാനത്താവളം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹരീഷ് വാസുദേവന്റെ വിമര്‍ശനം. 

2011ല്‍ വിരമിച്ച ശേഷം വിവിധ പദവികളില്‍ തുടരവെയാണ് ടി ബാലകൃഷ്ണനായി പുതിയ തസ്തിക സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചത്. തലസ്ഥാന നഗരവികസന പദ്ധതി-രണ്ടില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തികയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ പദ്ധതിയുടെ എംപവേര്‍ഡ് കമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിച്ചുവരുകയാണ് ബാലകൃഷ്ണന്‍.

ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ടി ബാലകൃഷ്ണന്‍ IAS, വ്യവസായ സെക്രട്ടറി ആയിരിക്കെ നിയമവിരുദ്ധമായി കളിമണ്ണ് ഖനനത്തിന് അനുമതി നല്‍കി. റിട്ടയര്‍ ചെയ്തപ്പോള്‍ ആ കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കി ഡയറക്ടര്‍ ആയി. പണം കൊടുത്ത് ഓഹരി വാങ്ങിയോ അതോ ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയായി കമ്പനി ഓഹരികള്‍ നല്‍കിയോ എന്നൊക്കെ പരിശോധിക്കപ്പെടട്ടെ. ഏതായാലും അനധികൃത അനുമതി റദ്ദാക്കാനും, അനധികൃതമായി കുഴിച്ചെടുത്ത മണ്ണിന്റെ വില സര്‍ക്കാരില്‍ അടയ്ക്കാനും, ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കാനും കോടതി പറഞ്ഞതോടെ ആ കമ്പനി പൂട്ടി. T.ബാലകൃഷ്ണന് ക്ഷീണം കാണും.

വ്യവസായ വകുപ്പില്‍ ഏറ്റവും അഴിമതി നടത്തിയ സെക്രട്ടറിമാരില്‍ ഒരാളാണ് ടി. ബാലകൃഷ്ണന്‍. എളമരംകരീമും ബാലകൃഷ്ണനും ചേര്‍ന്നു ആറന്മുള വിമാനത്താവള ഫയല്‍ നീക്കി രായ്ക്ക് രാമാനം നാട്ടുകാര്‍ നികുതിയടച്ചു ജീവിക്കുന്ന 1500 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിയുടെ ആവശ്യപ്രകാരം വ്യവസായമേഖല പ്രഖ്യാപിച്ചു നല്‍കിയത്, ആറന്മുള സമരത്തില്‍ പങ്കെടുത്ത ശ്രീ.പിണറായി വിജയന്‍ മറന്നാലും ആളുകള്‍ മറക്കാന്‍ ഇടയില്ല. ഇതാ സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാരെക്കാളും കൂലി കൊടുത്ത് പുതിയ ലാവണം ഉണ്ടാക്കി ടിയാനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ബാലകൃഷ്ണപിള്ളയുടെ മരുമകന്‍ ആയതുകൊണ്ട് ആണോ, അഴിമതി നന്നായി നടത്താന്‍ അറിയാം എന്നതുകൊണ്ടാണോ നിയമനം എന്നറിയില്ല.

തെക്ക് വടക്ക് അതിവേഗ റെയില്‍പാതയുടെ സാധ്യതാ പഠനത്തിന് ഇതേ ബാലകൃഷ്ണനേയാണ് കോടിക്കണക്കിനു രൂപ ചെലവാക്കി സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. ഒരു റിപ്പോര്‍ട്ട് കിട്ടി. ആ വകയില്‍ എത്ര പോയെന്ന് പടച്ചോനറിയാം...

LDF/UDF/BJP ഒറ്റയെണ്ണം മിണ്ടില്ല ഈ കൊള്ളയ്ക്ക്. നിയമനമില്ലായ്മയെപ്പറ്റി പറയുന്ന DYFI യോ AIYF ഓ ക്യാബിനറ്റിലെ യുവാതുര്‍ക്കികളോ മിണ്ടില്ല. ചീഫ് വിപ്പെന്ന അപ്പക്കഷ്ണം കൊടുത്തപ്പോള്‍ CPI യും മൗനം..

ഇനിയും വരണേ UDF ഉം LDF ഉം തമ്മിലുള്ള വ്യത്യാസം എഴുതാന്‍ ഉപന്യാസവുമായി....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com