'രാഷ്ട്രീയം ഇന്ന് ഏറ്റവും മികച്ച ജോലി, തോറ്റ എംപിമാർക്കുവരെ നല്ല ശമ്പളവും ആനുകൂല്യവും'; എന്തിന് വേണ്ടെന്ന് വെക്കണമെന്ന് ജേക്കബ് തോമസ് 

ഡിജിപിയായിരുന്ന ടി.പി. സെൻകുമാറും താനും മാത്രമല്ല വേറെയും ഡിജിപിമാർ ആർഎസ്എസ്സിലേക്കുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
'രാഷ്ട്രീയം ഇന്ന് ഏറ്റവും മികച്ച ജോലി, തോറ്റ എംപിമാർക്കുവരെ നല്ല ശമ്പളവും ആനുകൂല്യവും'; എന്തിന് വേണ്ടെന്ന് വെക്കണമെന്ന് ജേക്കബ് തോമസ് 

തിരുവനന്തപുരം: രാഷ്ട്രീയം ഇന്ന് ഏറ്റവും മികച്ച ജോലിയായിരിക്കെ താൻ എന്തിനാണ് അത് വേണ്ടെന്ന് വെക്കുന്നതെന്ന് ഡിജിപി ജേക്കബ് തോമസ്. തോറ്റ എംപിമാർക്കുവരെ നല്ല ശമ്പളവും ആനുകൂല്യങ്ങളുമുള്ള ജോലികിട്ടുന്ന കാലമാണെന്നും നല്ല ജോലി കിട്ടിയാൽ ആരും പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ ക്ലബ്ബിന്റെ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു. 

താൻ സിവിൽ സർവീസ് പരീക്ഷയെഴുതുന്ന കാലത്ത് എംഎൽഎമാർക്കും എംപിമാർക്കും ശമ്പളവും ആനുകൂല്യങ്ങളും അധികമുണ്ടായിരുന്നില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. ഡിജിപിയായിരുന്ന ടി.പി. സെൻകുമാറും താനും മാത്രമല്ല വേറെയും ഡിജിപിമാർ ആർഎസ്എസ്സിലേക്കുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രണ്ടു പ്രധാനമന്ത്രിമാരെ സംഭാവനചെയ്ത ബിജെപി മോശം പാർട്ടിയല്ല. ഭാരതീയ സംസ്കാരത്തിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആർഎസ്എസ് ഏറ്റവും വലിയ സന്നദ്ധസംഘടനയാണ്. അതിലെ പ്രവർത്തകരുടേത് ലളിതജീവിതമാണ്. സ്വത്തിനോ മക്കൾക്കോവേണ്ടി അവർ അഴിമതിനടത്തുന്നില്ല. കേന്ദ്രസർക്കാരിൽനിന്ന് ഏതെങ്കിലും സ്ഥാനം ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മാർച്ചിൽത്തന്നെ സർവീസിൽനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയതാണ്.- ജേക്കബ് തോമസ് പറഞ്ഞു. 

 ശ്രീരാമന്റെ മൂല്യങ്ങളെക്കുറിച്ചുള്ള സന്ദേശമാണ് ജയ്ശ്രീറാമിലുള്ളതെന്നും ജയ്ശ്രീറാം വിളിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് ന്യൂനപക്ഷങ്ങളിൽ ഭീതിയുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടൂർ ഗോപാലകൃഷ്ണന് എതിർക്കാനുള്ള അവകാശത്തെപ്പോലെ ശ്രീരാമഭക്തിയെപ്പറ്റി പറയാൻ തനിക്കും അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയാവുമോയെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com