ശ്രീറാം രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ലെന്ന് പൊലീസ്  ; വാഹനം ഓടിച്ചത് ശ്രീറാമെന്ന് യുവതി

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായി ഡോക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ പൊലീസ് ശ്രീറാമിന്റെ രക്ത പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡോക്ടര്‍
ശ്രീറാം രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ലെന്ന് പൊലീസ്  ; വാഹനം ഓടിച്ചത് ശ്രീറാമെന്ന് യുവതി

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ശേഷം രക്തപരിശോധനയ്ക്ക് ശ്രീറാം വെങ്കട്ടരാമന്‍ ഐഎഎസ് വിസമ്മതിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. പ്രാഥമിക അന്വേഷണത്തില്‍ ഇങ്ങനെയാണ് മനസ്സിലായത്. എന്തായാലും അപകടത്തില്‍ എല്ലാവരുടെയും രക്ത പരിശോധന നടത്തും. 12 മണിക്കൂറിനകം രക്തപരിശോധന നടത്തിയാല്‍ മതി. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ചു വരികയാണ്.

വാഹനം ഓടിച്ചത് ആരാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി വിശദ പരിശോധനയിലാണ്. ഇതിന് ശേഷം മാത്രമേ ആരാണ് വാഹനം ഓടിച്ചതെന്ന് വെളിപ്പെടുത്താനാകൂ. ഇക്കാര്യം പൊലീസ് വെളിപ്പെടുത്തുമെന്നും പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞു. 

അതിനിടെ ശ്രീറാം മദ്യലഹരിയിലായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. നിലത്ത് കാലുറയ്ക്കാത്ത അവസ്ഥയിലായിരുന്നു ശ്രീറാമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ പൊലീസ് ശ്രീറാമിന്റെ രക്ത പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു. 

ശ്രീറാം വെങ്കട്ടരാമന്‍ സഞ്ചരിച്ച വാഹനം ഇടിച്ച് സിറാജ് യൂണിറ്റ് ചീഫ് മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിത വേഗതയിലെത്തിയ വാഹനമാണ് അപകടമുണ്ടാക്കിയത്. എന്നാല്‍ പൊലീസ് രേഖപ്പെടുത്തിയ എഫ്‌ഐആറില്‍ വാഹനം ഓടിച്ചത് ആരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. വാഹനം ഓടിച്ചത് പുരുഷനാണെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം താനല്ല, തന്റെ ഒപ്പമുണ്ടായിരുന്ന സ്ത്രിയാണ് വാഹനം ഓടിച്ചതെന്ന് ശ്രീറാം വെങ്കട്ടരാമന്‍ പൊലീസിനോട് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അടക്കം സംഭവം വിവാദമാക്കിയതോടെ, ശ്രീറാമിനൊപ്പം കൂടെയുണ്ടായിരുന്ന സ്ത്രീയെ പൊലീസ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. വാഹനം ഓടിച്ചത് തന്റെ പുരുഷസുഹൃത്താണെന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളത്. അപകടത്തില്‍ ശ്രീറാമിനും വനിതാ സുഹൃത്ത് വഫ ഫിറോസിനും എതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com