ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ; ആശുപത്രിയിൽ തുടരും; ഡിസ്ചാര്‍ജ് ആയാൽ സബ്ജയിലിൽ

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തു
ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ; ആശുപത്രിയിൽ തുടരും; ഡിസ്ചാര്‍ജ് ആയാൽ സബ്ജയിലിൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. ശ്രീറാം തത്കാലം പൊലീസ് കാവലിൽ ആശുപത്രിയിൽ തുടരും. ഡിസ്ചാര്‍ജ് ആയാൽ സബ്ജയിലിലേക്കു മാറ്റും.

ശനിയാഴ്ച വൈകീട്ടാണ് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെയും വാഹനത്തിനെതിരെയും മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിച്ചു. നിയമപരമായ എല്ലാ തുടർ നടപടികളുമെടുക്കാൻ ഗതാഗത വകുപ്പ് മന്ത്രി നിർദേശം നൽകി. അപകട സമയത്ത് കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. റിമാൻഡ് റിപ്പോർട്ടിലും ഇക്കാര്യമുണ്ട്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീറാമും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫയും ഇതുതന്നെയാണ് പൊലീസിൽ അറിയിച്ചതെന്നും കമ്മീഷണർ പറഞ്ഞു. കാറോടിച്ചിരുന്നത് വഫയാണെന്ന് ശ്രീറാമും വഫയും മ്യൂസിയം പൊലീസിന് മൊഴി നൽകിയെന്ന റിപ്പോർട്ടുകൾ തള്ളിയാണ് കമ്മീഷണറുടെ വിശദീകരണം. 

രാവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവത്തില്‍ പഴുതുകളില്ലാത്ത അന്വേഷണം നടത്താന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആക്ഷേപത്തിന് ഇടയാക്കാത്ത തരത്തില്‍ അന്വേഷണം കൊണ്ടുപോകാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിലവില്‍ 304 എ വകുപ്പ് പ്രകാരം ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമാറ്റി  304 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഡിജിപി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.. മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ കയ്യാളിയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീറാം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അറിയാവുന്നയാളുമാണ്. അതുകൊണ്ടുതന്നെ ബോധപൂര്‍വമായ നരഹത്യ എന്ന വകുപ്പില്‍പ്പെടുന്ന 304 തന്നെ ചുമത്താനാണ് നിര്‍ദേശം. ഇതനുസരിച്ച് ജീവപര്യന്തമോ, 10 വര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്. 

രാത്രി വാഹനം കവടിയാറില്‍ എത്തിക്കാന്‍ ശ്രീറാം ആവശ്യപ്പെടുകയായിരുന്നുവെന്ന് കാറില്‍ ഒപ്പമുണ്ടായിരുന്ന യുവതി മൊഴി നല്‍കിയിട്ടുണ്ട്.  ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വാഹനം ഓടിച്ചത്. മദ്യലഹരിയിലായിരുന്നു. അമിത വേഗതയിലായിരുന്നു. ശ്രീറാം നിര്‍ബന്ധപൂര്‍വം വാഹനം ഓടിക്കുകയായിരുന്നുവെന്നും കാറില്‍ ഉണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com