ശ്രീറാമിനെതിരെ ജീവപര്യന്തം ലഭിക്കാവുന്ന വകുപ്പ്, ജാമ്യമില്ലാകുറ്റം, അറസ്റ്റ് വൈകീട്ട്

പഴുതുകളില്ലാത്ത അന്വേഷണം നടത്താന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
ശ്രീറാമിനെതിരെ ജീവപര്യന്തം ലഭിക്കാവുന്ന വകുപ്പ്, ജാമ്യമില്ലാകുറ്റം, അറസ്റ്റ് വൈകീട്ട്

തിരുവനന്തപുരം : വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിയാക്കിയശേഷം ആശുപത്രിയിലെത്തി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ശ്രീരാമിനെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസെടുക്കാനാണ് തീരുമാനം. 

രാവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവത്തില്‍ പഴുതുകളില്ലാത്ത അന്വേഷണം നടത്താന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആക്ഷേപത്തിന് ഇടയാക്കാത്ത തരത്തില്‍ അന്വേഷണം കൊണ്ടുപോകാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിലവില്‍ 304 എ വകുപ്പ് പ്രകാരം ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമാറ്റി  304 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ കയ്യാളിയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീറാം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അറിയാവുന്നയാളുമാണ്. അതുകൊണ്ടുതന്നെ ബോധപൂര്‍വമായ നരഹത്യ എന്ന വകുപ്പില്‍പ്പെടുന്ന 304 തന്നെ ചുമത്താനാണ് നിര്‍ദേശം. ഇതനുസരിച്ച് ജീവപര്യന്തമോ, 10 വര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്. 

മഹസര്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ശ്രീറാമിന്റെ അറസ്റ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി വാഹനം കവടിയാറില്‍ എത്തിക്കാന്‍ ശ്രീറാം ആവശ്യപ്പെടുകയായിരുന്നുവെന്ന് കാറില്‍ ഒപ്പമുണ്ടായിരുന്ന യുവതി മൊഴി നല്‍കിയിട്ടുണ്ട്.  ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വാഹനം ഓടിച്ചത്. മദ്യലഹരിയിലായിരുന്നു. അമിത വേഗതയിലായിരുന്നു. ശ്രീറാം നിര്‍ബന്ധപൂര്‍വം വാഹനം ഓടിക്കുകയായിരുന്നുവെന്നും കാറില്‍ ഉണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com