ശ്രീറാമിന്റെ സുഹൃത്ത് പ്രവാസിയായ മലയാളി മോഡല്‍; പരിചയപ്പെട്ടത് ഫെയ്‌സബുക്ക് വഴി 

പട്ടം മരപ്പാലത്ത് താമസിക്കുന്ന യുവതിയുടെ സ്വദേശം ആറ്റിങ്ങലാണ് എന്ന തരത്തിലാണ് മാധ്യമറിപ്പോര്‍ട്ടുകള്‍
ശ്രീറാമിന്റെ സുഹൃത്ത് പ്രവാസിയായ മലയാളി മോഡല്‍; പരിചയപ്പെട്ടത് ഫെയ്‌സബുക്ക് വഴി 

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍, ശ്രീറാം വെങ്കിട്ടരാമന്റെ ഒപ്പം കാറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീ ആര് എന്ന ചോദ്യമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഉയര്‍ന്നുകേട്ടത്. ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തിന്റെ പേര് വഫാ ഫിറോസ് ആണെന്ന് അപകടത്തിന് ശേഷം പൊലീസിന് നല്‍കിയ മൊഴികളില്‍ നിന്നും വ്യക്തമായെങ്കിലും ഇവരുടെ പശ്ചാത്തലം അപ്പോഴും അജ്ഞാതമായിരുന്നു. ഇപ്പോള്‍ ഇവര്‍ മലയാളി മോഡലാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. 

വഫാ ഫിറോസ് വിവാഹിതയും അബുദാബിയില്‍ താമസമാക്കിയ മോഡലാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. കുടുംബം അബുദാബിയില്‍ ആണെങ്കിലും കേരളമാണ് ഇവരുടെ തട്ടകം. പട്ടം മരപ്പാലത്ത് താമസിക്കുന്ന യുവതിയുടെ സ്വദേശം ആറ്റിങ്ങലാണ് എന്ന തരത്തിലാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഉന്നതരുമായി ഇവര്‍ക്ക് അടുത്തബന്ധമുണ്ടെന്നും സൂചനയുണ്ട്.

മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതോടെയാണ് ശ്രീറാം ശ്രദ്ധേയനായത്. ഫെയ്‌സ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. 

ജോലിയില്‍ തിരിച്ചുകയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. അമിതവേഗതയായിരുന്നു അപകടത്തിന് കാരണമായതെന്നും ശ്രീറാം മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍, ശ്രീറാം അല്ല വാഹനമോടിച്ചതെന്നാണ് വഫാ പറഞ്ഞത്. വനിതാ സുഹൃത്താണ് വാഹനം ഓടിച്ചതെന്നാണ് ശ്രീറാം വെങ്കിട്ടരാമനും പറഞ്ഞിരുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ മൊഴി നല്‍കിയതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു. ഇരുവരുടെയും മൊഴികളെ സംശയത്തിന്റെ നിഴലിലാക്കി ദൃക്‌സാക്ഷികള്‍ രംഗത്തുവന്നതോടെയാണ് ഈ വാദം പൊളിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com