ന്യൂനമർദ്ദം; എട്ട് വരെ കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ; ജാഗ്രതാ നിർദേശം
By സമകാലികമലയാളം ഡെസ്‌ക് | Published: 04th August 2019 05:49 AM |
Last Updated: 04th August 2019 05:49 AM | A+A A- |

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊള്ളുന്നതിനാൽ കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. എട്ട് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതൽ ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മറ്റു ജില്ലകൾക്ക് യെല്ലോ അലർട്ടും ബാധകമാണ്. ഇവിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ആറാം തീയതി പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട്. ഏഴിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാറ്റ് ശക്തമാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്. ഞായറാഴ്ച മുതൽ ഏഴാം തീയതി വരെ കർണാടക തീരത്തും തിങ്കളാഴ്ച മുതൽ ഏഴാം തീയതി വരെ കേരള തീരത്തും കടലിൽപ്പോകരുതെന്നാണ് നിർദേശം.
അടുത്ത 48 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാൾ തീരത്തിന് അടുത്തായി ന്യൂനമർദം രൂപം കൊള്ളുമെന്നാണ് വിലയിരുത്തുന്നത്. ഇത് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകും. ന്യൂനമർദം ചുഴലിക്കാറ്റാകാതെ എട്ടാം തീയതിയോടെ കരയിലേക്ക് കടക്കുമെന്നാണ് സൂചന.