അര്‍ധരാത്രി വാട്‌സ്ആപ്പ് സന്ദേശം, കാറില്‍ കറുത്ത കൂളിങ് സ്റ്റിക്കര്‍, വഫയ്ക്ക് നിരവധി ഉന്നതബന്ധങ്ങള്‍

കവടിയാറില്‍ കാറുമായി വരാന്‍ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു
അര്‍ധരാത്രി വാട്‌സ്ആപ്പ് സന്ദേശം, കാറില്‍ കറുത്ത കൂളിങ് സ്റ്റിക്കര്‍, വഫയ്ക്ക് നിരവധി ഉന്നതബന്ധങ്ങള്‍

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ മരിച്ച വാഹനാപകടത്തില്‍ പ്രതി ചേര്‍ത്ത ശ്രീറാമിന്റെ വനിതാ സുഹൃത്ത് വഫ ഫിറോസിന് ഉന്നത ബന്ധങ്ങളെന്ന് പൊലീസ്. നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി വഫയ്ക്ക് സൗഹൃദം ഉണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കാറില്‍ പട്ടം മരപ്പാലത്തെ തന്റെ ഫ്‌ലാറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്നാണ് വഫ പൊലീസിനോട് പറഞ്ഞത്. 

വെള്ളിയാഴ്ച അര്‍ധരാത്രി ശ്രീറാം വെങ്കിട്ടരാമന്‍ വാട്‌സ്ആപ്പ് സന്ദേശം അയച്ചാണ് തന്നെ വിളിച്ചുവരുത്തിയത്. കവടിയാറില്‍ കാറുമായി വരാന്‍ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ശ്രീറാം നിര്‍ബന്ധപൂര്‍വം വാഹനം ഓടിക്കുകയായിരുന്നു. കാര്‍ താന്‍ ഓടിക്കാമെന്ന് പറഞ്ഞിട്ടും വകവെച്ചില്ലെന്നും വഫ പൊലീസിനോട് പറഞ്ഞു. 

അതേസമയം വഫയുമായി ക്ലബില്‍ ഉല്ലസിച്ചശേഷം മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പൊലീസിന് വിവരം ലഭിച്ചതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. രാത്രി എട്ടരയോടെ ക്ലബ്ബിലെത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും ഏറെ നേരം ക്ലബ്ബിലും പരിസരത്തും ചുറ്റിക്കറങ്ങുകയും ചെയ്തശേഷമാണ് രാത്രി വൈകി കാറില്‍ മടങ്ങിയത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചതായും കൗമുദി റിപ്പോര്‍ട്ട് ചെയ്തു. 

കാറില്‍ നിയമവിരുദ്ധമായി കറുത്ത കൂളിങ് സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുള്ളതായി മോട്ടര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വഫയുടെ പേരിലുള്ള കെഎല്‍ 01 ബിഎം 360 ഫോക്‌സ് വാഗണ്‍ കാറിന് നേരത്തെ മൂന്നുവട്ടം മോട്ടോര്‍ വാഹന വകുപ്പ് അമിത വേഗത്തിന് പിഴ ചുമത്തിയിരുന്നു. ഇതില്‍ രണ്ടു തവണ മാത്രമേ പിഴ അടച്ചുള്ളൂവെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ പ്രതിചേര്‍ത്ത ശ്രീറാം വെങ്കിട്ടരാമന്റെയും സുഹൃത്ത് വഫ ഫിറോസിന്റെയും ഡ്രൈവിങ്  ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യാന്‍ മോട്ടര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഇരുവര്‍ക്കും നോട്ടിസും കൈമാറിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com