അര്‍ധ രാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്‍മാർ; ഐഎഎസ് കിട്ടിയതു കൊണ്ട് മാത്രം ആരും നന്നാകാൻ പോകുന്നില്ല; മന്ത്രി ജി സുധാകരൻ

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിക്കാനിടയായ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ
അര്‍ധ രാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്‍മാർ; ഐഎഎസ് കിട്ടിയതു കൊണ്ട് മാത്രം ആരും നന്നാകാൻ പോകുന്നില്ല; മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിക്കാനിടയായ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. ഐഎഎസ് ഉദ്യോഗസ്ഥരെ ആ​ദ്ദേഹം പരിഹസിച്ചു. 

ശ്രീറാം വെങ്കിട്ടരാമനെപ്പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ട്. ഇവര്‍ അര്‍ധ രാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്‍മാരാണ്. ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്. ഐഎഎസ് കിട്ടിയതു കൊണ്ട് മാത്രം ആരും നന്നാകാൻ പോകുന്നില്ല. ഐഎഎസ് ഒരു മത്സര പരീക്ഷ മാത്രമാണ്. അവര്‍ ദൈവങ്ങളല്ല മനുഷ്യരാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിയമം ലംഘിക്കുന്നത് എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരോപണ വിധേയന്റെ സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമാകില്ല. ചിലരുടെ പെരുമാറ്റം പൊലീസിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കുന്നു. മൂന്നാംമുറയും ലോക്കപ്പ് മര്‍ദനവും അനുവദിക്കില്ല. അത്തരക്കാരെ പൊലീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരനാസ്ഥയും ഇല്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പറഞ്ഞു. ആര് തെറ്റു ചെയ്താലും ശിക്ഷ അനുഭവിക്കും. എത്ര ഉന്നത ഉദ്യോഗസ്ഥനായാലും പരിരക്ഷ കിട്ടില്ല. നടപടിക്ക് സ്വാഭാവികമായുള്ള സാവകാശം എടുക്കുന്നതാണ്. മെഡിക്കല്‍ കോളജില്‍ പോകാന്‍ നിര്‍ദേശിച്ചയാള്‍ ഏതുസാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രിയില്‍ പോയതെന്ന് പരിശോധിക്കും. മൂന്നാര്‍ നടപടികളുടെ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്കറിയില്ല. അന്ന് ശരി ചെയ്തപ്പോള്‍ അംഗീകരിച്ചെങ്കില്‍ ഇപ്പോള്‍ ചെയ്ത തെറ്റിനെ ശക്തമായി എതിര്‍ക്കുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com