ഇനി ജ്വലിക്കുന്ന ഓര്‍മ്മ ; കെ എം ബഷീറിനെ ഖബറടക്കി

കോഴിക്കോട് ചെറുവണ്ണൂരില്‍ കുടുംബ വീടിന് അടുത്ത് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം
ഇനി ജ്വലിക്കുന്ന ഓര്‍മ്മ ; കെ എം ബഷീറിനെ ഖബറടക്കി

കോഴിക്കോട്: തിരുവനന്തപുരത്ത് സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ ഖബറടക്കി. കോഴിക്കോട് ചെറുവണ്ണൂരില്‍ കുടുംബ വീടിന് അടുത്ത് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. ഇന്നലെ തിരുവനന്തപുരത്ത് നിന്നും മലപ്പുറം വാണിയന്നൂരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. നാട്ടുകാരും ബന്ധുക്കളുമടക്കം നൂറ് കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

ഇന്നലെ പുലര്‍ച്ചെ 12.55 നാണ് അമിത വേഗത്തിലെത്തിയ ശ്രീറാമിന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ്  കെഎം ബഷീര്‍ മരിച്ചത്. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ ഇന്നലെ വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തത്. എന്നാല്‍ പൊലീസ് പ്രതികള്‍ക്ക് അനുകൂലമായി ഒത്തുകളിക്കുന്നു എന്ന ആക്ഷേപം കനത്തതോടെ, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി കാറില്‍ കൂടെയുണ്ടായിരുന്ന യുവതിയും, ജനറല്‍ ആശുപത്രിയിലെ ഡോക്ടറും വെളിപ്പെടുത്തിയിരുന്നു. ശ്രീറാമിന്റെ കാല്‍ നിലത്തുറയ്ക്കാത്ത നിലയിലായിരുന്നു എന്ന് അപകടത്തിന്റെ ദൃക്‌സാക്ഷികളും വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com