വീണ്ടും പൊലീസ് നാടകം; സ്ട്രെക്ചറിൽ കിടത്തി മുഖം മറച്ചു; ശ്രീറാമിനെ ആശുപത്രി മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുത്രിയില്‍ നിന്ന് മാറ്റി. ആംബുലൻസിൽ കിടത്തിയാണ് കിംസില്‍ നിന്ന് കൊണ്ടു പോയത്
വീണ്ടും പൊലീസ് നാടകം; സ്ട്രെക്ചറിൽ കിടത്തി മുഖം മറച്ചു; ശ്രീറാമിനെ ആശുപത്രി മാറ്റി


‍‍‍
തിരുവനന്തപുരം:
ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റി. ആംബുലൻസിൽ കിടത്തിയാണ് കിംസില്‍ നിന്ന് കൊണ്ടു പോയത്. ഉടന്‍ തന്നെ വ‍ഞ്ചിയൂര്‍ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയപ്പോൾ ആംബുലൻസിൽ കയറിയാണ് മജിസ്ട്രേറ്റ് പരിശോധന നടത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ഭാ​ഗമായാണ് കിംസിൽ നിന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയത്.     

മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ റിമാന്‍ഡിലാണ് ശ്രീറാം ഐഎഎസ്. സ്വകാര്യ ആശുപത്രിയിലെ ശ്രീറാമിന്‍റെ സുഖവാസം വിവാദമായതോടെയാണ് ആശുപത്രി മാറ്റാൻ തീരുമാനമായത്. കിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്താണ് ശ്രീറാമിനെ മാറ്റിയത്.

ശീതീകരിച്ച മുന്തിയ മുറിയിൽ ടിവി കാണാനും ഫോൺ ഉപയോഗിക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പൊലീസും പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയും ചെയ്തത്. മിക്ക സമയങ്ങളിലും ശ്രീറാം വാട്സ്ആപ്പിൽ ഓൺലൈനിലാണെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നടപടികളും വൈകുകയാണ്.

അപകടം നടത്തി നിരപരാധിയുടെ ജീവനെടുത്ത യുവ ഐഎഎസുകാരെ രക്ഷിക്കാൻ ഒത്തുകളിച്ച പൊലീസ് ജുഡീഷ്യൽ കസ്റ്റഡിയിലും കൈ അയച്ച് സഹായിക്കുകയാണ്. കാര്യമായ പരിക്കില്ലെന്നിരിക്കെ പഞ്ചനക്ഷത്ര ആശുപത്രിയിൽ മുന്തിയ സൗകര്യങ്ങളോടെ ശ്രീറാമിന്  സുഖവാസത്തിന് സൗകര്യമൊരുക്കുകയാണ്  പൊലീസ് ഉന്നതർ. മെഡിക്കൽ കോളജിലേക്ക് മാറ്റാതെ പഞ്ചനക്ഷത്ര ആശുപത്രിയിലെ സൂപ്പർ ഡീലക്സ് വാർഡിലാണ് സുഖവാസത്തിന് അവസരം ലഭിച്ചത്. 

പുറത്ത് പൊലീസ് കാവലുണ്ടെങ്കിലും യുവ ഡോക്ടർമാർ നിരന്തരം ശ്രീറാമിൻെ മുറിയിൽ കയറി ഇറങ്ങുന്നു. പരിക്കിൻെ അവസ്ഥ എന്താണെന്ന് പുറത്തുവിടാൻ പൊലീസും സ്വകാര്യാശുപത്രിയും തയാറാവുന്നില്ല . അതേ സമയം രക്തം പരിശോധിക്കാൻ വൈകിയത് പ്രതിക്ക് അനുകൂലമാകാൻ സാധ്യതയുണ്ടെന്ന്  കെമിക്കൽ എക്സാമിനർ പൊലീസിനെ അറിയിച്ചു.

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബം. പ്രതി സ്ഥാനത്ത് ഉന്നതരായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കാം. കേസില്‍ നീതിപൂര്‍വകമായ അന്വേഷണം ആവശ്യപ്പെട്ട്  മുഖ്യമന്ത്രിയെ കാണുമെന്ന് സഹോദരന്‍ അബ്ദുറഹ്മാന്‍ കോഴിക്കോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com