ശ്രീറാമിനെതിരെ പകപോക്കല്‍ ഗൂഡാലോചന?; പ്രതികരണവുമായി ബിജെപി നേതാവ്

കൊല്ലാനുള്ള ഉദ്ദേശതോടാണ് പ്രതി ശ്രീറാം ബഷീറിന്റെ വാഹനമിടിച്ചതെന്ന ആരോപണവുമില്ല. പിന്നെന്തിനു 304 വകുപ്പനുസരിച്ച് ജാമ്യമില്ലാ കേസ്സെടുത്ത് അറസ്റ്റ്
ശ്രീറാമിനെതിരെ പകപോക്കല്‍ ഗൂഡാലോചന?; പ്രതികരണവുമായി ബിജെപി നേതാവ്

കാസര്‍കോട്: മദ്യപിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ അനുകൂലിച്ച് ബിജെപി നേതാവ്. ശക്തമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപോക്കല്‍ ഗൂഡാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്നു സംഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടായത് എന്ന് ബിജെപി കാസര്‍കോട് ജില്ല അദ്ധ്യക്ഷന്‍ അഡ്വ.കെ. ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള പോസ്റ്റില്‍ ശ്രീറാമിനെതിരെ പകപോക്കല്‍ ഗൂഡാലോചനയാണോ എന്ന സംശയമെന്ന് . അത് മുതലെടുത്ത് സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമനോട് പക വീട്ടുകയാണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപി നേതാവ് പറഞ്ഞ് വയ്ക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം , 

യുവ മാധ്യമ പ്രവര്‍ത്തകന്‍ കെ..എം.ബഷീറിന് ആദരാഞ്ജലികള്‍. സിറാജ് പത്രത്തിന്റെ പത്രപ്രവര്‍ത്തകന്‍ ബഷീറിനെ കുറിച്ച് അറിയാന്‍ സാധിക്കുന്നത് അദ്ദേഹം മികച്ച ഒരു മാധ്യമ പ്രവര്‍ത്തകനെന്നാണ്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടം തന്നെ.  ബഷീറിന്റെ മരണത്തിനു കാരണക്കാരനായ യുവ ഐഎഎസ്സുകാരനെ അറസ്റ്റും ചെയ്തു. വേണ്ടതു തന്നെ. 

പക്ഷെ ...... ഒരു റോഡ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ അതിനു കൊലകുറ്റത്തിന് കേസ്സെടുക്കുന്നത് ശരിയാണോ? അശ്രദ്ധയിലും അതിവേഗത്തിലും വാഹനമോടിച്ച് റോഡപകടത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടാല്‍ എടുക്കേണ്ട കേസ് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് 279, 338, 304 അ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് . മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കില്‍ 185ാം വകുപ്പും കൂടി ചേര്‍ക്കാം. പക്ഷെ ഈ സംഭവത്തില്‍ കേസ്സെടുത്തിരിക്കുന്നത് ബോധപൂര്‍വമല്ലാത്ത കൊലപാതകത്തിന് ( Sec 304 of IPC). ഇതോടെ വാഹന അപകടത്തില്‍ മരിച്ച ബഷീറിന്റെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരവും കിട്ടാതാവുന്ന സാഹചര്യമാണുള്ളത്. 

മരിച്ച ബഷീറുമായി ശ്രീറാമിനു എന്തെങ്കിലും വിരോധമുള്ളതായി ആര്‍ക്കും ആക്ഷേപവുമില്ല. കൊല്ലാനുള്ള ഉദ്ദേശതോടാണ് പ്രതി ശ്രീറാം ബഷീറിന്റെ വാഹനമിടിച്ചതെന്ന ആരോപണവുമില്ല. പിന്നെന്തിനു 304 വകുപ്പനുസരിച്ച് ജാമ്യമില്ലാ കേസ്സെടുത്ത് അറസ്റ്റ് ? 
ഈ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരമനനെ ന്യായീകരിക്കുകയല്ല എന്റെ ഉദ്ദേശം. പക്ഷെ വിവാദങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നിയമം വിവാദമുണ്ടാക്കുന്നവരുടെ വഴിയേ പോകുന്നു എന്നുള്ളത് ഗൗരവത്തിലെടുക്കേണ്ട ഒന്നാണ്.

ഇതില്‍ അപകടത്തില്‍ മരണപ്പെട്ടത് മാധ്യമ പ്രവര്‍ത്തകനായതുകോണ്ടോ അല്ല പ്രതി ഒരു ഐ എ എസ് കാരനായതുകൊണ്ടാണോ ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ്സ്‌കാരണനായതുകൊണ്ടാണോ? വാഹനമപകടമായിട്ടു കൊലപാതകത്തിനു കേസ്സെടുത്തത്? 

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തന്നെ പരസ്യമായി ശാസിച്ചിട്ടും സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ധൈര്യം കാണിച്ച് ഒരു ഉദ്യോഗസ്ഥനെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയാണോ ഇവിടെ? ഇടതു മാധ്യമ പ്രവര്‍ത്തകരുടെയും ഇകഠഡ ന്യായീകരണ തൊഴിലാളികളുടെയും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഈ സംശയം ബലപ്പെടുന്നു. ശക്തമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപൊക്കല്‍ ഗൂഡാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്നു. 
അല്ല മാധ്യമ വിവാദങ്ങള്‍ ഭയന്ന് മാധ്യമങ്ങളെ പ്രീണിപ്പിക്കാന്‍ കൊല കുറ്റത്തിനു കേസ്സെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയായ ശ്രീറാമിനെ ജയിലിലാക്കി വിവാദങ്ങളില്‍നിന്ന് തലയൂറി മാധ്യമങ്ങളുടെ കൈയ്യടി വാങ്ങുകയാണോ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്? 

എന്തായലും ഈ അവസരം മുതലാക്കി ഭൂമാഹിയ അട്ടഹസിക്കുന്നുണ്ടാകും.സംശയമില്ല. ഒരു യുവസഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാം .പക്ഷെ പോലീസ് നടപടി നിയമബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ സാധ്യമല്ല. മാധ്യമങ്ങള്‍ സ്വയം ചിന്തിക്കാനും ആത്മ വിമര്‍ഷത്തിനു തയ്യാറാവുകയും വേണമെന്നാണ് എന്റെ അഭിപ്രായം . ജനങ്ങളിലേക്ക് ഏറ്റവും വേഗത്തില്‍ എത്താന്‍ സാധിക്കുമെന്നതു കൊണ്ട് നിയമവാഴ്ചയുടെ കൈയ്യും വായയും വിവാദങ്ങള്‍ ഉണ്ടാക്കി മുടിക്കെട്ടാന്‍ ശ്രമിക്കരുതെന്നാണ് അഭ്യര്‍ത്ഥന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com