സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ജനറല്‍ ആശുപത്രിയില്‍: ആരോഗ്യമന്ത്രി ഉദ്ഘാടാനം ചെയ്തു

പ്രസവ സമയത്തും വാക്‌സിനേഷനായി വരുമ്പോഴും അമ്മമാരില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കും.
സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ജനറല്‍ ആശുപത്രിയില്‍: ആരോഗ്യമന്ത്രി ഉദ്ഘാടാനം ചെയ്തു

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് നെക്ടര്‍ ഓഫ് ലൈഫ് പദ്ധതി തുടങ്ങുന്നത്. ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

പ്രസവത്തോടെ അമ്മ മരിച്ച ശിശുക്കള്‍ക്കും, മാസം തികയാതെ പിറന്ന കുഞ്ഞുങ്ങള്‍ക്കും, ചികിത്സയിലുള്ള കുട്ടികള്‍ക്കും ഇത് വഴി മുലപ്പാല്‍ നല്‍കാനാകും. രാജ്യത്ത് ഇതുവരെ ഏഴ് മുലപ്പാല്‍ ബാങ്കുകളാണ് ഉള്ളത്.  കേരളത്തിലെ ആദ്യത്തെ മുലപ്പാല്‍ ബാങ്കാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്നത്. 

അമ്മമാരുടെ മുലപ്പാല്‍ ശേഖരിച്ച്, ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ് മുലപ്പാല്‍ ബാങ്കുകള്‍. പ്രസവ സമയത്തും വാക്‌സിനേഷനായി വരുമ്പോഴും അമ്മമാരില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിച്ച മുലപ്പാല്‍ പാസ്ചറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി വരെ തണുപ്പിച്ച് സൂക്ഷിക്കുന്നതാണ് രീതി. ആറ് മാസം വരെ ഈ പാല്‍ കേടാകാതെ ഇരിക്കും. വൈകാതെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും ഈ പദ്ധതി നടപ്പിലാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com