പൊലീസിന്റെ വീഴ്ച പരിശോധിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം
By സമകാലികമലയാളം ഡെസ്‌ക് | Published: 05th August 2019 06:18 PM |
Last Updated: 05th August 2019 06:18 PM | A+A A- |
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നതും പ്രത്യേക സംഘം പരിശോധിക്കും. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസും അടങ്ങുന്നതാണ് പുതിയ സംഘം.
കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍, അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ശ്രീറാമിനെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തിയത്.
അതിനിടെ ശ്രീറാം വെങ്കട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ നടത്തിയ രക്തപരിശോധനയുടെ ഫലം ഇന്നുച്ചയ്ക്കാണ് പൊലീസിനു കൈമാറിയത്.
വണ്ടിയോടിച്ചിരുന്ന ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നെന്ന് വ്യക്തമായിട്ടും പൊലീസ് രക്തപരിശോധന നടത്തിയില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. അപകടം നടന്ന് പത്തു മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ശ്രീറാമിന്റെ രക്തം പരിശോധനയ്‌ക്കെടുത്തത്. സമയം വൈകുന്തോറും മദ്യത്തിന്റെ അംശം പരിശോധനയില്‍ കണ്ടെത്തുന്നതിനുള്ള സാധ്യത മങ്ങുമെന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യ ആ്ശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാം മദ്യത്തിന്റെ അംശം കണ്ടുപിടിക്കാതിരിക്കുന്നതിന് മരുന്നു കഴിക്കാനിടയുണ്ടെന്നും ചിലര്‍ പറഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്ന വിധത്തിലാണ് രക്തപരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്.
അപകട സമയത്ത് ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇക്കാര്യം മാധ്യമങ്ങളോടു വ്യക്തമാക്കിയതാണ്. എന്നാല്‍ പരിശോധനാ ഫലത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കുറ്റം നിലനില്‍ക്കുമോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.