ഇനി ആശങ്ക വേണ്ട!; വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പിനെ പിടിക്കും; പരിശീലനം 

നിലവില്‍ പാമ്പുപിടിത്തത്തിനും ആനയെ ഓടിക്കുന്നതിനും ഔദ്യോഗികമായൊരു പരിശീലനം വനംവകുപ്പില്‍ ഇതുവരെ ഇല്ലന്നതും ശ്രദ്ധേയം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇനി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കണ്ട് ഭയപ്പെടില്ല. ആനയെ വിരട്ടി ഓടിക്കലും പാമ്പു പിടിത്തവും വനംവകുപ്പിന്റെ പരിശീലന സിലബസില്‍ ഉള്‍പ്പെടുത്തി. ഇത്തരം കാര്യങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉളള പരിമിതികള്‍ മറികടക്കുകയാണ് ലക്ഷ്യം.

ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍മാര്‍ വരെയുള്ളവരെയാണു പരിശീലിപ്പിക്കുക. നിലവില്‍ പാമ്പുപിടിത്തത്തിനും ആനയെ ഓടിക്കുന്നതിനും ഔദ്യോഗികമായൊരു പരിശീലനം വനംവകുപ്പില്‍ ഇതുവരെ ഇല്ലന്നതും ശ്രദ്ധേയം. അരിപ്പ ഫോറസ്റ്റ് കേന്ദ്രത്തില്‍ മറ്റു പരിശീലനങ്ങള്‍ക്കു വരുന്നവരില്‍ താല്‍പര്യമുള്ളവരെ മാത്രമാണ് ഇതുവരെ പാമ്പു പിടിത്തം പഠിപ്പിച്ചിരുന്നത്.

ഇങ്ങനെ താല്‍പര്യപ്പെട്ടവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. വാവാ സുരേഷാണു പരിശീലനം നല്‍കിയിരുന്നത്. വനംവകുപ്പിന്റെ 25 ഡിവിഷനുകളില്‍ നിലമ്പൂര്‍ സൗത്ത്, നെന്മാറ, റാന്നി എന്നിവിടങ്ങളില്‍ മാത്രമേ നിലവില്‍ പരിശീലനം ലഭിച്ചവരുള്ളൂ. പാമ്പു പിടിക്കേണ്ട ആവശ്യം വന്നാല്‍ വാവാ സുരേഷിനെ വിളിച്ചുവരുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതു വ്യാപകമായതോടെയാണ് ആനയെ ഓടിക്കലും പരിശീലനത്തില്‍പ്പെടുത്തുന്നത്.

വനംവകുപ്പ് ജീവനക്കാര്‍ക്കു നല്‍കുന്ന 6 മാസത്തെ പരിശീലനത്തില്‍ ഇത്തരം കാര്യങ്ങള്‍ക്കു കാലയളവു നിശ്ചയിച്ചായിരിക്കും പരിശീലനം. ഉരുള്‍പൊട്ടല്‍, കാട്ടുതീ തുടങ്ങിയവ നേരിടുന്നതിനുള്ള പരിശീലനവും നല്‍കുമെന്ന് പരിശീലന വിഭാഗം അസി കണ്‍സര്‍വേറ്റര്‍ വിനയകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com