പെരുമ്പാവൂര്‍ നഗര നടുവില്‍ ഗുഹ: കൗതുകം, നിഗൂഢത

നഗരത്തില്‍ എംസി റോഡില്‍ ഓള്‍ഡ് വല്ലം റോഡ് ആരംഭിക്കുന്ന കടുവാള്‍ ജംക്ഷനിലാണ് ഗുഹ
പെരുമ്പാവൂര്‍ നഗര നടുവില്‍ ഗുഹ: കൗതുകം, നിഗൂഢത

കൊച്ചി:  പെരുമ്പാവൂര്‍ നഗരത്തില്‍ കാടുകയറിയും മണ്ണു മൂടിയും കൗതുകമുണര്‍ത്തി ഗുഹ.നഗരത്തില്‍ എംസി റോഡില്‍ ഓള്‍ഡ് വല്ലം റോഡ് ആരംഭിക്കുന്ന കടുവാള്‍ ജംക്ഷനിലാണ് ഗുഹ. ഗുഹ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചരിത്ര ഗവേഷകരും നാട്ടുകാരും രംഗത്തെത്തി. ഡിസ്‌കവറി ഓഫ് ലോക്കല്‍ ഹിസ്റ്ററി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം പ്രാദേശിക ചരിത്രകാരന്‍ ഇസ്മായില്‍ പള്ളിപ്രത്തിന്റെയും വാര്‍ഡ് കൗണ്‍സിലര്‍ നിഷ വിജയന്റെയും നേതൃത്വത്തില്‍ നാട്ടുകാര്‍ ഗുഹാകവാടത്തില്‍ പരിശോധന നടത്തി. ഗുഹയില്‍ കടുവകളുണ്ടായിരുന്നതിനാലാണ് പ്രദേശത്തിന് കടുവാള്‍ എന്ന പേരു വന്നതെന്നും ഇവിടെ പറ നിറച്ചിരുന്നതായും പ്രദേശവാസിയായ തെറ്റിക്കോട്ട് രജേശ്വരി പറഞ്ഞു.

ഗുഹ 2 കിലോമീറ്റര്‍ അപ്പുറത്ത് വല്ലം കുന്നക്കാട്ടുമലയിലാണ് അവസാനിക്കുന്നതെന്നാണ് വിശ്വാസം. 10 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് നിവര്‍ന്നു നില്‍ക്കാവുന്ന ഉയരം ഗുഹയ്ക്കുണ്ടായിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. കടുവാള്‍ ഗുഹയ്ക്ക് സമീപം എംസി റോഡിന് എതിര്‍വശം പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിന് അസ്ഥിവാരമെടുത്തപ്പോള്‍ നന്നങ്ങാടികള്‍ ലഭിച്ചിരുന്നു. ഗുഹ കടന്നു പോകുന്നതിന് മുകളില്‍ കെട്ടിടം പണിയുന്നതിനു മുന്നോടിയായി കരിങ്കല്ലുകൊണ്ട് ഗുഹാമുഖം അടച്ചുകെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഗുഹയ്ക്കുള്ളിലെ വായുമര്‍ദം മൂലം കല്ലുകള്‍ക്ക് ഇളക്കം തട്ടി.

ഗുഹയില്‍ നിന്നു വായുസഞ്ചാരത്തിനു ദ്വാരമിട്ടതിനു ശേഷമാണ് തറ ഉറച്ചത്. ഇതില്‍ നിന്നു ഗുഹയ്ക്ക് അകത്തേക്ക് വളരെ നീളവും വിസ്താരവുമുണ്ടെന്ന് അനുമാനിക്കാം. കടുവാള്‍ ഗുഹ അടക്കമുള്ള പെരുമ്പാവൂരിലെ പുരാവസ്തു ശേഷിപ്പുകളുടെ ചരിത്ര പ്രാധാന്യം പുറത്തുകൊണ്ടുവരാന്‍ ആര്‍ക്കിയോളജി വകുപ്പ് പുരാവസ്തു ഗവേഷണം നടത്തണമെന്ന് ടെല്‍ക് ചെയര്‍മാന്‍ എന്‍ സി മോഹനന്‍ ആവശ്യപ്പെട്ടു. ഗുഹ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസ്‌കവറി ഓഫ് ലോക്കല്‍ ഹിസ്റ്ററി പദ്ധതി ഓര്‍ഗനൈസര്‍ ഇസ്മയില്‍ പള്ളിപ്രം മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന് നിവേദനം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com