രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാന്‍ ശ്രീറാം ഗുളികകള്‍ കഴിച്ചിരുന്നുവോ?; സംശയം ബലപ്പെടുന്നു

രക്തപരിശോധന റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമുളളതായി കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം
രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാന്‍ ശ്രീറാം ഗുളികകള്‍ കഴിച്ചിരുന്നുവോ?; സംശയം ബലപ്പെടുന്നു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന ഫലം ഇന്ന് പുറത്തുവരുമെന്നാണ് സൂചന. അതേസമയം രക്തപരിശോധന റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമുളളതായി കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വ്യക്തത വരുകയുളളൂ. 

ഇതിനിടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാന്‍ സഹായകമായ ഗുളികകള്‍ ശ്രീറാം കഴിച്ചിരിക്കാമെന്ന സംശയവും ബലപ്പെടുന്നുണ്ട്. അപകടം നടന്ന് ഉടന്‍ തന്നെ ശ്രീറാമിന്റെ രക്തം പരിശോധനയ്ക്കായി എടുത്തിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒന്‍പതുമണിക്കൂര്‍ വൈകിയാണ് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയത്.

സമയത്ത് രക്തപരിശോധന നടത്താതിരുന്നതിന് പുറമേ മദ്യലഹരിയിലായിരുന്നോ വാഹനം ഓടിച്ചിരുന്നത് എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്താതിരുന്നതും പൊലീസിന്റെ വീഴചയായാണ് വിലയിരുത്തുന്നത്. ഇതിനിടെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ ശ്രീറാമിന് പൊലീസ് അനുവാദം നല്‍കിയതും വിവാദത്തിന് വഴിവെച്ചിരുന്നു. ഇത് അവസരമാക്കി രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാന്‍ ശ്രീറാം ഗുളികകള്‍ കഴിച്ചിരിക്കാമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അപകടം നടന്ന സമയത്ത് മദ്യലഹരിയിലായിരുന്നെന്നും ശ്രീറാമാണ് കാറോടിച്ചതെന്നുമാണ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് മൊഴി നല്‍കിയത്.

അതേസമയം ശ്രീറാമിന്റെ ജാമ്യാപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ റിമാന്‍ഡിലായിട്ട് 48 മണിക്കൂര്‍ പിന്നിടുന്ന സാഹചര്യത്തില്‍ ഇന്ന് ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സര്‍വേ ഡയറക്ടറാണ് ശ്രീറാം. ശനിയാഴ്ച രാത്രിയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com