'വിചാരധാര' യുടെ ഉന്നം നടപ്പിലാക്കുന്നു; നിയമവിരുദ്ധം ഭരണഘടനാവിരുദ്ധമെന്ന് കോടിയേരി

ആര്‍എസ്എസ് അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയതിന്റെ ഉദാഹരണമാണ് ജമ്മു കാശ്മീര്‍ വിഭജിക്കുവാനുള്ള തീരുമാനമെന്ന് കോടിയേരി
'വിചാരധാര' യുടെ ഉന്നം നടപ്പിലാക്കുന്നു; നിയമവിരുദ്ധം ഭരണഘടനാവിരുദ്ധമെന്ന് കോടിയേരി


തിരുവനന്തപുരം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുപ്പെടുന്ന വിധത്തില്‍ ആര്‍എസ്എസ് അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയതിന്റെ ഉദാഹരണമാണ് ജമ്മു കാശ്മീര്‍ വിഭജിക്കുവാനുള്ള തീരുമാനമെന്ന് കോടിയേരി പറഞ്ഞു. കേന്ദ്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മു കശ്മീരിനെ വിഭജിക്കാന്‍ തീരുമാനിക്കുന്നതിലുമൂടെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തേയും ഭരണഘടനയേയുമാണെന്നും അദ്ദേഹം പറഞ്ഞു.

”എന്നും ഇന്ത്യയെ നെഞ്ചേറ്റിയവരാണ് ജമ്മു കശ്മീര്‍ ജനത. ഭരണഘടനയുടെ 370 അനുഛേദം കാശ്മീര്‍ ജനതയ്ക്ക് പ്രത്യേക പദവി നല്‍കുന്നതാണ്. അത് ആ ജനതയോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. മോദി സര്‍ക്കാര്‍ കാശ്മീര്‍ ജനതയോടുള്ള ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറിയിരിക്കുന്നു. നഗ്‌നമായ വഞ്ചനയല്ലാതെ മറ്റൊന്നുമല്ല ഇത്” അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. .

ദേശീയ ഐക്യത്തിനെതിരെയുള്ള ആക്രമണമാണ് ബിജെപി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുമായി ജമ്മു കശ്മീര്‍ ജനതക്ക് ഐക്യം ഉണ്ടാക്കിയെടുക്കേണ്ടത് രാഷ്ട്രീയ കക്ഷികളുമായി മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്താണ്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതുമാണ്. പക്ഷെ, വാക്കുകളെല്ലാം വലിച്ചെറിയപ്പെട്ടിരിക്കുന്നു. ‘വിചാരധാര’ യുടെ ഉന്നം നടപ്പിലാക്കപ്പെടുന്നു. ജമ്മു കശ്മീര്‍, ആര്‍എസ്എസ് – ബിജെപി സംഘപരിവാരത്തെ സംബന്ധിച്ച് പിടിച്ചെടുക്കപ്പെട്ട പ്രദേശമാണ്. ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് ജമ്മൂ കശ്മീരിനെയും ലഡാക്കിനെയും അവര്‍ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ച് മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോദി സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സിപിഐ എം ശക്തമായി അപലപിക്കുന്നു. തീര്‍ത്തും നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമായ തീരുമാനമാണിത്. ജമ്മു കശ്മീര്‍ ജനതയുടെ പ്രശ്‌നം മാത്രമല്ല ഇത്. രാജ്യത്തിന്റെ ജനാധിപത്യത്തിലേക്കും മതനിരപേക്ഷതയിലേക്കും ഭരണഘടനയിലേക്കുമുള്ള കടന്നുകയറ്റമാണ്. മോദി സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കശ്മീര്‍ ജനതയും രാജ്യമൊട്ടാകെയും ഒറ്റകെട്ടായി പൊരുതണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സിപിഎം നേതൃത്വത്തില്‍ ഓഗസ്റ്റ് 7നു സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കുചേരണം. കേരളത്തിന്റെ പ്രതിഷേധ ശബ്ദം ഇനിയുമുറക്കെ ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജമ്മു കശ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കിയ തീരുമാനത്തിനെതിരെ ആഗസ്ത് 7ന് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിപിഎം. ഇപ്പോഴത്തെ തീരുമാനം രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയും തകര്‍ക്കുമെന്നും സിപിഐഎം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com