ശ്രീറാമിന് മെഡിക്കല്‍ കോളജിലും 'സുഖവാസം'; ജയില്‍ വാര്‍ഡിന് പകരം മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ 

വാഹനാപകടത്തില്‍ ശ്രീറാമിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ നല്‍കുന്ന മറുപടി
ശ്രീറാമിന് മെഡിക്കല്‍ കോളജിലും 'സുഖവാസം'; ജയില്‍ വാര്‍ഡിന് പകരം മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് മെഡിക്കല്‍ കോളജിലും 'സുഖവാസം'.പൊലീസ് സെല്ലില്‍ നിന്ന് മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കഴിഞ്ഞദിവസം നടന്ന നാടകങ്ങള്‍ ഇന്നും തുടരുന്നതായുളള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ഏറെ വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഒടുവില്‍ ഇന്നലെ രാത്രിയാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്. ചികിത്സ ആവശ്യമുളള റിമാന്‍ഡ് പ്രതികള്‍ക്കാണ് മെഡിക്കല്‍ കോളജിലെ പൊലീസ് സെല്‍. ഇന്നലെ അര്‍ദ്ധരാത്രി തന്നെ ശ്രീറാം വെങ്കിട്ടരാമനെ ആദ്യം സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ ശ്രീറാമിനെ പ്രവേശിപ്പിച്ചത്. വാഹനാപകടത്തില്‍ ശ്രീറാമിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ നല്‍കുന്ന മറുപടി. കൂടാതെ ശ്രീറാമിന് ഛര്‍ദിയുളളതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ ചികിത്സയുടെയും പരിശോധനകളുടെയും ഭാഗമായാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക് ശ്രീറാമിനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വാഹനാപകടത്തില്‍ കൈയ്ക്ക് പരിക്കേറ്റ ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് പകരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ പൊലീസ് അനുവദിച്ചത് വലിയ വിവാദമായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇതിനിടെ ശ്രീറാം മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ രക്തപരിശോധന വൈകിപ്പിച്ചതും പൊലീസിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. ഒന്‍പതുമണിക്കൂറോളം വൈകിയാണ് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com