ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണം; അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th August 2019 06:45 PM |
Last Updated: 06th August 2019 06:45 PM | A+A A- |

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. നാളെ തന്നെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി ഓഫീസ് അറിയിച്ചിരിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെടും. സര്‍ക്കാരിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടുന്നത്.
തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. അഭിഭാഷകരായ വി.എസ്.ഭാസുരേന്ദ്രന്‍ നായര്‍, ആര്‍.പ്രവീണ്‍ കുമാര്‍ എന്നിവരാണ് പ്രതിക്കുവേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
താന്‍ മദ്യപിച്ചിരുന്നില്ലെന്നും തനിക്കെതിരായ കേസിന് പിന്നില്‍ രാഷ്ട്രീയ, മാധ്യമ സമ്മര്‍ദ്ദമാണെന്നുമാണ് ശ്രീറാം ഉന്നയിക്കുന്ന പ്രധാന വാദം. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അതേസമയം മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവില്‍ തുടരുകയാണ്.
സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ സഹയാത്രിക വഫ ഫിറോസ് നല്‍കിയ രഹസ്യ മൊഴി പുറത്തുവന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ. അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്നും മൊഴിയില്‍ വഫ ഫിറോസ് വ്യക്തമാക്കുന്നു.