രോഗിയാണ്; മര്‍ദിച്ചെന്ന് കാട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടും, ഭീഷണി; പൊലീസിനെ വിറപ്പിച്ച് കളളന്‍

ഒരു പകല്‍ നീണ്ട അഭ്യാസത്തിനൊടുവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
രോഗിയാണ്; മര്‍ദിച്ചെന്ന് കാട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടും, ഭീഷണി; പൊലീസിനെ വിറപ്പിച്ച് കളളന്‍

കോട്ടയം: ചങ്ങനാശേരിയില്‍ മോഷണശ്രമത്തിനിടെ പിടിയിലായ ആള്‍ അവശത അഭിനയിച്ചും മര്‍ദിച്ചെന്ന് കാട്ടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇടുമെന്ന് ഭീഷണിപ്പെടുത്തിയും പൊലീസിനെ വലച്ചു. ഒരു പകല്‍ നീണ്ട അഭ്യാസത്തിനൊടുവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

നഗരമധ്യത്തിലെ പഴക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടയില്‍ പിടിയിലായ കങ്ങഴ അരീക്കല്‍ ചേരിയില്‍ സുനില്‍കുമാറാണ് (40) പൊലീസിനു തലവേദന സൃഷ്ടിച്ചത്. ഇന്നലെ രാവിലെ നാലരയോടെയാണ് പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സംഘം ഇയാളെ പിടികൂടിയത്.

ഇതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നെന്നു പറഞ്ഞതിനാല്‍ സുനിലിനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയെങ്കിലും രോഗമുള്ളതായി കണ്ടെത്താനായില്ല. ഇതോടെ വലതു കൈയ്ക്ക് ഒടിവുണ്ട്, മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകണം എന്നു പറഞ്ഞായി ബഹളം.  തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ വിരലിലെ എല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി. 

ബാന്‍ഡേജ് ഇട്ട് തിരികെ സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ പൊലീസ് മര്‍ദിച്ചെന്നു കാട്ടി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പോസ്റ്റുകള്‍ ഇടുമെന്ന് പറഞ്ഞ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.  കടയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ്  വിരലിനു മുറിവുണ്ടായതെന്ന് എസ് ഐ ഷമീര്‍ഖാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com