വടക്കന്‍ കേരളത്തില്‍ തോരാമഴ; മറ്റന്നാള്‍ അതീതീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ഉച്ചകഴിഞ്ഞ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തത്
വടക്കന്‍ കേരളത്തില്‍ തോരാമഴ; മറ്റന്നാള്‍ അതീതീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. ഉച്ചകഴിഞ്ഞ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തത്.

വയനാട്ടില്‍ അമ്പലവയല്‍ കരിങ്കുറ്റിയില്‍ റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശി കരീം ആണ് മരിച്ചത്. അടിവാരത്ത് പുഴയില്‍ കാണാതായ ചേളാരി സ്വദേശി പ്രതീഷ് എന്ന ഉണ്ണിയുടെ മൃതദേഹം ഒരു ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. നാടുകാണി ചുരം ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. 

കനത്ത മഴയില്‍ കോഴിക്കോട് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മാവൂര്‍ റോഡില്‍ നിരവധി കടകളില്‍ വെള്ളംകയറി. പയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഭീഷണിയിലാണെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ പല ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

ഓഗസ്റ്റ് ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമബംഗാളിന്റെ തീരപ്രദേശം എന്നിവിടങ്ങളിലായി രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

ആഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍:

ആഗസ്റ്റ് ആറ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് 
ഏഴ് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 
എട്ട് തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് 
ഒമ്പത് ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 

യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍:

ആഗസ്റ്റ് ആറ് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് 
ഏഴ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 
എട്ട് എറണാകുളം 
ഒമ്പത് എറണാകുളം, പാലക്കാട്, കണ്ണൂര്‍
പത്ത് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com