'വയറുവേദന', രോഗിയുടെ എക്‌സ് റേ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍; 111 ഇരുമ്പാണികള്‍ പുറത്തെടുത്തത് സാഹസികമായി

ആണികള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ ചെറു കുടലിന്റെ 60 സെന്റീമീറ്റര്‍ നീളം ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കേണ്ടി വന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: വയറുവേദനയുമായി ആശുപത്രിയിലെത്തിയ ആളുടെ എക്‌സ്-റേ പരിശോധനാ ഫലം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. 49കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 111 ഇരുമ്പാണികളാണ്. അതും പത്ത് വര്‍ഷത്തിനിടെ പലപ്പോഴായി അകത്താക്കിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. 

മനോദൗര്‍ബല്യമുള്ള ഇയാള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പലപ്പോഴായി വിഴുങ്ങിയ ഇരുമ്പാണികളാണ് ഇപ്പോള്‍ പുറത്തെടുത്തത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ ആണികള്‍ പുറത്തെടുക്കുകയായിരുന്നു.

വയര്‍ വന്ന് വീര്‍ത്ത് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മേത്തല സ്വദേശിയായ 49 വയസുള്ളയാളെ ബന്ധുക്കള്‍ ഞായറാഴ്ച അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. വയറിന്റെ എക്‌സ് റേ പരിശോധനാ ഫലം കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 

വയറിനകത്ത് അങ്ങിങ്ങായി എണ്ണിതീര്‍ക്കാനാകാത്ത വിധം ആണികള്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയായിരുന്നു. ആണികള്‍ ആന്തരികാവയവങ്ങളില്‍ പലതിലും തുളഞ്ഞുകയറി തങ്ങിയിരിക്കുന്ന നിലയിലായിരുന്നു. ആണികള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ ചെറു കുടലിന്റെ 60 സെന്റീമീറ്റര്‍ നീളം ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കേണ്ടി വന്നു. രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com