ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും; നിറപുത്തരി നാളെ 

നാളെ രാവിലെ 5.45നും  6.15നും ഇടയിലാണ് നിറപുത്തിരി ചടങ്ങ്
ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും; നിറപുത്തരി നാളെ 

ശബരിമല: കാർഷിക സമൃദ്ധിക്ക് വേണ്ടി നടത്തുന്ന നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. നാളെ രാവിലെ 5.45നും  6.15നും ഇടയിലാണ് നിറപുത്തിരി ചടങ്ങ്. പൂജയ്ക്ക് ഉപയോഗിക്കുന്ന നെൽക്കറ്റകൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് എത്തും. 

കൊല്ലങ്കോട്, അച്ചൻകോവിൽ എന്നിവിടങ്ങളിലെ പാടങ്ങളിൽ കൊയ്തെടുത്ത നെൽക്കതിരുകളാണ് നിറപുത്തരി മുഹൂർത്തത്തിൽ അയ്യപ്പനടയിൽ പൂജിക്കുന്നത്. അച്ചൻകോവിലിൽ നിന്നും ദേവസ്വം ബോർഡിന്റെ  ഉടമസ്ഥതയിലുള്ള വയലിൽ കൃഷി ചെയ്തെടുത്ത കറ്റകളാണ് എത്തിക്കുക. കൊല്ലങ്കോട്ടുനിന്ന് മുൻമേൽശാന്തി എസ് ഇ ശങ്കരൻ നമ്പൂതിരി, അയ്യപ്പ സേവാസംഘം എമർജൻസി വോളന്റീയർ ക്യാപ്റ്റൻ ആർ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കറ്റകളുമായി എത്തുക. 

മേൽശാന്തി  വാസുദേവൻ നമ്പൂതിരി കറ്റകൾ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടു പോകും. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കതിരുകൾ പൂജിച്ച് ചൈതന്യം നിറച്ച് ഉളളിലും പുറത്തും കെട്ടും. പൂജിച്ച നെൽക്കതിർ ഭക്തർക്ക് പ്രസാദമായും നൽകും. കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവയും ഉണ്ടാകും. നാളെ രാത്രി 10മണിക്ക് നട അടയ്ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com