ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് സാധുത ; 15 സെന്റ് വരെ, 1500 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th August 2019 11:59 AM |
Last Updated: 07th August 2019 12:01 PM | A+A A- |
തിരുവനന്തപുരം : ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഭൂപതിവ് നിയമപ്രകാരം ഉള്ള പട്ടയ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ സാധുവാക്കും. 15 സെന്റ് വരെയുള്ള ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങളാണ് സാധുവാക്കുന്നത്. 1500 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങള്‍ക്കാണ് ഉളവ് നല്‍കുക. ഇതിനായി 1964 ലെ ഭൂമി പതിവ് നിയമത്തില്‍ ഭേദഗതി വരുത്തും.
15 സെന്‍റ് വരെയും 1500 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങൾ ഉടമകൾക്ക് വിട്ടു നൽകും. ഈ ഉടമകൾക്ക് ഇടുക്കി ജില്ലയിലോ മറ്റിടത്തോ സ്വന്തമായി ഭൂമി ഉണ്ടാകാൻ പാടില്ലെന്നാണ് വ്യവസ്ഥ. മറ്റ് ഉപജീവനമാർഗങ്ങൾ ഉണ്ടാകാനും പാടില്ലെന്ന് തെളിയിക്കണം. 1500 ചതുരശ്ര അടിക്ക് മുകളിലുള്ളവ സര്‍ക്കാര്‍ ഏറ്റെടുക്കും. 1500 ചതുരശ്ര അടിയില്‍ കൂടുതലുള്ള നിര്‍മ്മാണങ്ങളുടെ നടത്തിപ്പ് ചുമതല സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചു.
1964ലെ ഭൂമി പതിവ് ചട്ടപ്രകാരം ഭൂമി പതിച്ച് നല്‍കിയവര്‍ ആ പാട്ട വ്യവസ്ഥ ലംഘിച്ചുകൊണ്ട് പല സ്ഥലങ്ങളിലും അനധികൃത നിര്‍മ്മാണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് 2010ലെ ഒരു ഉത്തരവ് നിലവിലുണ്ട്. 2010 ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗം ഈ ശിപാർശകൾ പരിഗണിച്ചതെന്നാണ് റവന്യൂ വകുപ്പ് അറിയിക്കുന്നത്.