കനത്ത കാറ്റ്: നെടുങ്കണ്ടത്ത് സ്‌കൂള്‍ വാന്‍ 50 അടി കൊക്കയിലേക്ക് മറിഞ്ഞു
By സമകാലികമലയാളം ഡെസ്‌ക് | Published: 07th August 2019 05:02 AM |
Last Updated: 07th August 2019 05:02 AM | A+A A- |
ഇടുക്കി: കനത്ത കാറ്റില്‍ സ്‌കൂള്‍ ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു. വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച വൈകിട്ട് ആറിന് നെടുങ്കണ്ടം തേവാരംമെട്ടിനു സമീപത്തായിരുന്നു സംഭവം.
കോമ്പയാര്‍ സെന്റ് തോമസ് എല്‍പി സ്‌കൂള്‍ ബസാണു മറിഞ്ഞത്. സ്‌കൂളിലെ 30 വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിച്ച ശേഷം മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. സംഭവസ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ വിഷ്ണുവും വാഹനത്തിലുണ്ടായിരുന്ന അധ്യാപകന്‍ ജോബിന്‍ ജോര്‍ജും പുറത്തിറങ്ങി.
ഇതിനിടെ ശക്തമായ കാറ്റ് വീശിയതോടെ ബസ് തനിയെ ഉരുണ്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. അതേസമയം സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
ഇതിനു മുന്‍പ് ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞിട്ടുണ്ട്. ഇതോടെ സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡും സുരക്ഷാ വേലികളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രദേശത്തു പെയ്ത മഴക്കൊപ്പം കനത്ത കാറ്റും വീശിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.