കര്‍ഷകര്‍ക്ക് ആശ്വാസം ; കാര്‍ഷിക വായ്പകളിലെ മോറട്ടോറിയം ഡിസംബര്‍ 31 വരെ തുടരും
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th August 2019 01:23 PM |
Last Updated: 07th August 2019 01:23 PM | A+A A- |
തിരുവനന്തപുരം : കാര്‍ഷിക വായ്പകളിലെ മോറട്ടോറിയം നീട്ടാന്‍ തീരുമാനം. ഡിസംബര്‍ 31 വരെ വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജപ്തി നടപടികള്‍ മരവിപ്പിച്ചിട്ടുണ്ട്.
കൃഷി അനുബന്ധമായ എല്ലാ വായ്പകള്‍ക്കും മോറട്ടോറിയം തുടരും. ഇടുക്കിക്കും വയനാട്ടിനും സമാനമായി സബ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. റീ ഷെഡ്യൂള്‍ ചെയ്യാത്ത വായ്പകളില്‍ തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളാണെന്നും കൃഷിമന്ത്രി പറഞ്ഞു.
മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഇക്കാര്യം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് തീരുമാനിക്കാമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതിക്ക് മുമ്പാകെ സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്.