തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍ഇടനാഴിക്ക് അംഗീകാരം: 2024ല്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th August 2019 11:43 PM |
Last Updated: 07th August 2019 11:43 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴി പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. നാലുമണിക്കൂറില്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ യാത്ര ചെയ്യാവുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് ഇതുവഴി യാഥാര്‍ത്ഥ്യമാകുന്നത്.
അതിവേഗ തീവണ്ടിയില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താന്‍ 4 മണിക്കൂറും, തിരുവനന്തപുരം എറണാകുളം യാത്രക്ക് ഒന്നരമണിക്കൂറും മാത്രം മതിയാകും. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും തുടങ്ങി കാസര്‍കോടു വരെ 532 കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയാക്കുന്ന റെയില്‍പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും ട്രെയിന്‍ ഓടുന്നത്.
66,079 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 7720 കോടി വീതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായി ലഭിക്കും. 34454 കോടി രൂപ വായ്പകളിലൂടെ സ്വരൂപിക്കും. ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ 8656 കോടി ചെലവാക്കേണ്ടി വരും. ആകെ 1200 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതിയുടെ നിര്‍മാണചുമതല. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയില്‍ 10 സ്‌റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളും പാതയുടെ പരിധിയില്‍ വരും. 2018 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഒരു വര്‍ഷത്തെ സാധ്യതാപഠനത്തിന് ശേഷം ലാഭകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കും.