പിഎസ് സി പരീക്ഷ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രത്യേക യൂണിറ്റ്
By സമകാലികമലയാളം ഡെസ്‌ക് | Published: 07th August 2019 10:31 PM |
Last Updated: 07th August 2019 10:31 PM | A+A A- |
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതികളായ ആര്‍ ശിവരഞ്ജിത്തും പി പി പ്രണവും സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ടി കെ വിനോദ്കുമാറിന് ഡിജിപി നിർദേശം നൽകി. ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പിഎസ്‌സി കത്ത് നൽകിയിരുന്നു. പരീക്ഷ നടന്ന സമയത്ത് ഇരുവര്‍ക്കും രണ്ടു നമ്പറുകളില്‍ നിന്ന് എസ്എംഎസ് സന്ദേശങ്ങള്‍ ലഭിച്ചതായി ആഭ്യന്തര വിജിലന്‍സ് കണ്ടെത്തിയതോടെയാണ് പിഎസ് സി ചെയര്‍മാന്‍ അഡ്വ എം കെ സക്കീര്‍ ഡിജിപിക്ക് ശുപാർശ നൽകിയത്.
ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 3.15 വരെയാണ് പരീക്ഷ നടന്നത്. ഇതിനിടയില്‍ ശിവരഞ്ജിത്തിന് 96ഉം പ്രണവിന് 78ഉം എസ്എംഎസുകള്‍ വന്നു. രണ്ടു നമ്പറില്‍ നിന്നാണ് എസ്എംഎസുകള്‍ വന്നതെന്നും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.