യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കീഴടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th August 2019 09:16 PM |
Last Updated: 07th August 2019 09:16 PM | A+A A- |
കോഴിക്കോട്: മുക്കത്ത് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. യുവതിയുടെ മുന്‍ ഭര്‍ത്താവ് മാവൂര്‍ സ്വദേശിയുമായ സുഭാഷാണ് താമരശ്ശേരിയിലെ കോടതിയിലെത്തി കീഴടങ്ങിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ താമരശ്ശേരി പൊലീസ് ഉടന്‍ അപേക്ഷ നല്‍കും.
സംഭവത്തിനു ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി അഭ്യൂഹമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സുഭാഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങള്‍ പോലീസ് നടത്തുന്നതിനിടെയാണ് കീഴടങ്ങല്‍.
ഹോമിയോ ക്ലിനിക്ക് ജീവനക്കാരിയായ സ്വപ്‌നയാണ് ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് മുക്കത്ത് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോയ സ്വപ്നയെ ആളൊഴിഞ്ഞ സ്ഥലത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നാണ് പ്രതി ആക്രമിച്ചത്. കേസില്‍ സുഭാഷിനെതിരെ യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇയാളില്‍ നിന്ന് യുവതി നേരത്തെ തന്നെ വിവാഹ മോചനം നേടിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. കുത്തിയതും ആസിഡൊഴിച്ച് പരിക്കേൽപിച്ചതും മുൻ ഭർത്താവായ സുഭാഷ് തന്നെയാണെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു.ജീവിക്കാൻ അനുവദിക്കില്ലെന്ന് സുഭാഷ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി വ്യക്തമാക്കിയിരുന്നു.