'ഇടിമുറി'യിലെ പഠിപ്പ് തീര്‍ന്നു; ആഹ്ലാദപ്രകടനവുമായി വിദ്യാര്‍ത്ഥികള്‍; വീണ്ടും പിടിമുറുക്കി എസ്എഫ്‌ഐ 

എംഎ ഇംഗ്ലീഷ് വിഭാഗം ആദ്യ സെമസ്റ്റര്‍ ക്ലാസുകളാണ് ഇവിടെ നടന്നിരുന്നത്
'ഇടിമുറി'യിലെ പഠിപ്പ് തീര്‍ന്നു; ആഹ്ലാദപ്രകടനവുമായി വിദ്യാര്‍ത്ഥികള്‍; വീണ്ടും പിടിമുറുക്കി എസ്എഫ്‌ഐ 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫീസ് ( 'ഇടിമുറി') ക്ലാസ് മുറിയായി മാറ്റിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ഇവിടത്തെ ക്ലാസ് നിര്‍ത്തലാക്കി എസ്എഫ്‌ഐ കോളജില്‍ പിടിമുറുക്കിയതായി റിപ്പോര്‍ട്ടുകള്‍. എസ്എഫ്‌ഐയുടെ സമ്മര്‍ദഫലമായി വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് കോളജ് തീരുമാനം. ഇതിനെ തുടര്‍ന്ന് ഏതാനും കുട്ടികള്‍ ആഹ്ലാദപ്രകടനം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ സജീവമായി.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ യൂണിറ്റി കമ്മിറ്റി ഓഫീസിന് നേരെ വ്യാപകമായ ആക്ഷേപമാണ് ഉയര്‍ന്നത്. ഇത് കേന്ദ്രീകരിച്ചാണ് അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്തത് എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുപോലും എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫീസ് ക്ലാസ് മുറിയാക്കാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചത്. ഇവിടത്തെ പഠനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനാണ് കോളജ് അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

എംഎ ഇംഗ്ലീഷ് വിഭാഗം ആദ്യ സെമസ്റ്റര്‍ ക്ലാസുകളാണ് ഇവിടെ നടന്നിരുന്നത്. ഇന്നലെ പ്രിന്‍സിപ്പല്‍ ഡോ സി സി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം തന്നെയായിരുന്നു മുഖ്യ അജന്‍ഡ. രാവിലെ ഇംഗ്ലീഷ് വകുപ്പ് സ്റ്റാഫ് റൂമിന് മുന്നില്‍ പടിക്കെട്ടിലിരുന്നു ചില വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെയാണ് പെട്ടെന്ന് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനമെടുത്തത്. ഇതിന് പിന്നാലെ ആ്ഹ്ലാദം മുഴക്കുന്ന ഏതാനും വിദ്യാര്‍ത്ഥികളുടെ വീഡിയോകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com