ഉത്തരങ്ങള്‍ അയച്ചത് വിഎസ്എസ് സി ജീവനക്കാരന്‍, മറ്റ് രണ്ട് പേരെ കൂടി ചട്ടം കെട്ടിയിരുന്നു

നെടുമങ്ങാട് വട്ടക്കരിക്കകം സ്വദേശിയായ 26കാരനാണ് മൂവര്‍ക്കുംഎസ്എംഎസ് വഴി ഉത്തരം അയച്ചിരിക്കുന്നത്
ഉത്തരങ്ങള്‍ അയച്ചത് വിഎസ്എസ് സി ജീവനക്കാരന്‍, മറ്റ് രണ്ട് പേരെ കൂടി ചട്ടം കെട്ടിയിരുന്നു

തിരുവനന്തപുരം: പിഎസ് സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി കോളെജിലെ വധശ്രമക്കേസ് പ്രതികള്‍ക്ക് ഉത്തരം എസ്എംഎസായി അയച്ചത് വിഎസ്എസ് സിയിലെ കരാര്‍ ജീവനക്കാരന്‍. നെടുമങ്ങാട് വട്ടക്കരിക്കകം സ്വദേശിയായ 26കാരനാണ് മൂവര്‍ക്കും
എസ്എംഎസ് വഴി ഉത്തരം അയച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇയാള്‍. പിഎസ് സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ രണ്ടാം റാങ്കുകാരനും, വധശ്രമക്കേസ് പ്രതിയുമായ പി.പി.പ്രണവിന്റെ സുഹൃത്താണ് ഇയാള്‍. ഒരുമിച്ച് ഫുട്‌ബോള്‍ കളിക്കുന്നവരാണ് ഇരുവരും. പ്രണവിനൊപ്പം ഇയാളും ഒളിവിലാണെന്നാണ് സൂചന. 

ക്രമക്കേട് നടന്ന പിഎസ് സി പരീക്ഷ നടന്ന 2018ല്‍ ഇയാള്‍ പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. പിന്നാലെ വിഎസ്എസ് സിയുടെ സാങ്കേതിക വിഭാഗത്തില്‍ ജോലി നേടി. ഇരുവര്‍ക്കും എസ്എംഎസിലൂടെ ഉത്തരങ്ങള്‍ നല്‍കിയ നമ്പറാണ് ഇയാള്‍ പിഎസ് സി അപേക്ഷയിലും നല്‍കിയിരിക്കുന്നത്. 

ഇയാളെ ഉടന്‍ പിടികൂടണം എന്ന് പിഎസ് സി പൊലീസിനോട് ആവശ്യപ്പെടും. പൊലീസ് കോണ്‍സ്റ്റബിള്‍ പഴയ റാങ്ക് ലിസ്റ്റിലെ സപ്ലിമെന്ററി ലിസ്റ്റില്‍ ഇയാളുണ്ടായിരുന്നു. എന്നാല്‍ നിയമനമായില്ല. ഫയര്‍മാന്റേതുള്‍പ്പെടെ മൂന്ന് റാങ്ക് ലിസ്റ്റിലും ഇയാളുണ്ട്. വിഎസ്എസ് സിയിലെ ജീവനക്കാരന് പുറമെ രണ്ട് പേരെ കൂടി ഉത്തരം അയക്കാന്‍ നിര്‍ദേശിച്ച് നിര്‍ത്തിയിരുന്നു എന്നാണ് സൂചന. ഇതില്‍ ഒരാള്‍ പൊലിസ് ആണെന്നും പറയപ്പെടുന്നു. 

വേറെ സീരീസിലെ ചോദ്യപ്പേപ്പറായിരിക്കുമോ ലഭിക്കുക എന്ന ആശങ്കയിലാണ് മൂവര്‍ക്കും വേണ്ടി മൂന്ന് പേരെ ചട്ടം കെട്ടിയത്. എന്നാല്‍, മൂന്ന് പേര്‍ക്കും ഒരേ സീരീസിലെ(ബി) ചോദ്യപ്പേപ്പര്‍ കിട്ടിയതോടെ മറ്റ് രണ്ട് പേരുടെ ആവശ്യം വന്നില്ല. 2.15നും, 3.15നും ഇടയിലാണ് സന്ദേശങ്ങള്‍ എത്തിയത്. സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് എസ്എംഎസ് സ്വീകരിച്ച് പ്രതികള്‍ ഉത്തരമെഴുതി എന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com