ഐഎഎസുകാരുടെ അസോസിയേഷന്‍ ഭാരവാഹിയുള്‍പ്പെടെ ശ്രീറാമിനെ കണ്ട് ചര്‍ച്ച നടത്തി ? ; ആശുപത്രിയിലെത്തിയ ഉന്നതരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ശ്രീറാമിന്റെ മുറിയിലേക്ക് ഉദ്യോഗസ്ഥരുടേത് അടക്കമുള്ള ഫോണ്‍ കോളുകള്‍ കണക്ട് ചെയ്തതായും വിവരമുണ്ട്
ഐഎഎസുകാരുടെ അസോസിയേഷന്‍ ഭാരവാഹിയുള്‍പ്പെടെ ശ്രീറാമിനെ കണ്ട് ചര്‍ച്ച നടത്തി ? ; ആശുപത്രിയിലെത്തിയ ഉന്നതരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

തിരുവനന്തപുരം: നരഹത്യാ കേസില്‍ റിമാന്‍ഡിലായിരുന്നപ്പോള്‍ ശ്രീറാം വെങ്കിട്ടരാമനെ സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇന്റലിജന്‍സിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ ശ്രീറാമിനെ ഐഎഎസുകാരുടെ അസോസിയേഷന്‍ ഭാരവാഹി ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. 

ആശുപത്രിയിലെ പ്രധാനികളെയും ഡോക്ടര്‍മാരെയും ഭാരവാഹി  മുറിയിലേക്ക് വിളിച്ചുവരുത്തിയതായും, ശ്രീറാമിനെ രക്ഷിക്കാനായി ചര്‍ച്ച നടത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അസോസിയേഷന്‍ നേതാവ് മണിക്കൂറുകളോളം ചര്‍ച്ച നടത്തിയതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതായും സൂചനയുണ്ട്. ശ്രീറാമിന്റെ പരിചയക്കാരായ ഡോക്ടര്‍മാരും ആശുപത്രി മുറിയിലെത്തി ചര്‍ച്ചകള്‍ നടത്തിയതായി മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. 

മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ ആശുപത്രിയിലെത്തി ശ്രീറാമുമായി ചര്‍ച്ച നടത്തി. കോടതിയുടെ അനുമതിയോ അനുവാദമോ ഇല്ലാതെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചത് സംബന്ധിച്ച് സ്‌പെല്‍ ബ്രാഞ്ച് വിശദാംശങ്ങള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീറാം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നപ്പോള്‍ ആശുപത്രി മുറിയില്‍ പൊലീസ് കാവലേര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇവര്‍ക്ക് എതിര്‍ക്കാനായില്ല. ശ്രീറാമിന്റെ രക്തം പരിശോധിക്കുന്നതും വിരലടയാളം ശേഖരിക്കുന്നതും വൈകിപ്പിച്ചതിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായെന്നാണ് ആരോപണം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി അജ്ഞാത കത്തും മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. 

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ശ്രീറാമിന്റെ മുറിയിലേക്ക് ഉദ്യോഗസ്ഥരുടേത് അടക്കമുള്ള ഫോണ്‍ കോളുകള്‍ കണക്ട് ചെയ്തതായും വിവരമുണ്ട്. ശ്രീറാമിന്റെ മൊബൈല്‍ ഫോണ്‍ ഓഫായ ശേഷമായിരുന്നു ഈ നീക്കം. ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ടായിരുന്ന ആദ്യ ദിവസം ശ്രീറാം സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ശ്രീറാമിന്റെ ഫോണ്‍ നമ്പര്‍, വാട്‌സാപ്പ് ഉള്‍പ്പെടെയുള്ളവ പിന്നീട് ഓഫ് ലൈനായി. ഇതിന് ശേഷമാണ് ആശുപത്രിയിലെ ഫോണ്‍ വഴി ബന്ധപ്പെട്ടതെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com