ഓട്ടോ വിളിച്ചപ്പോള്‍ വന്നില്ല, നിര്‍ബന്ധിച്ചപ്പോള്‍ ആക്ഷേപം; ഭിന്നശേഷിക്കാരന്റെ പരാതിയില്‍ മന്ത്രിയുടെ പാര്‍ട്ടിക്കാരന്‍ ഒരുമാസം വീട്ടിലിരിക്കും

ഓട്ടോ വിളിച്ചിട്ട് പോകാതെ യാത്രക്കാരനെ ആക്ഷേപിച്ച് സംസാരിച്ച ഓട്ടോറിക്ഷ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു
ഓട്ടോ വിളിച്ചപ്പോള്‍ വന്നില്ല, നിര്‍ബന്ധിച്ചപ്പോള്‍ ആക്ഷേപം; ഭിന്നശേഷിക്കാരന്റെ പരാതിയില്‍ മന്ത്രിയുടെ പാര്‍ട്ടിക്കാരന്‍ ഒരുമാസം വീട്ടിലിരിക്കും

കൊച്ചി: ഓട്ടോ വിളിച്ചിട്ട് പോകാതെ യാത്രക്കാരനെ ആക്ഷേപിച്ച് സംസാരിച്ച ഓട്ടോറിക്ഷ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു.  ആക്ഷേപത്തിനിരയായ ഭിന്നശേഷിക്കാരന്‍ കൂടിയായ പ്രായം ചെന്ന യാത്രക്കാരന്‍ ഗതാഗതമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതി അന്വേഷിച്ച ആര്‍ടിഒ കെ മനോജ്കുമാര്‍, ഓട്ടോ ഡ്രൈവര്‍ കാക്കനാട് ഈച്ചമുക്ക് സ്വദേശി എം ജെ ബിനുവിന്റെ ലൈസന്‍സാണ് ഒരു മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗതമന്ത്രിയുടെ പാര്‍ട്ടി യൂണിയനിലെ അംഗമാണ് ഓട്ടോ ഡ്രൈവര്‍.

തൃക്കാക്കര സഹകരണ ആശുപത്രിയില്‍ നിന്നു വാഴക്കാലയിലേക്ക് ഓട്ടം വിളിച്ചപ്പോള്‍ ഓട്ടോക്കാരന്‍ വിസമ്മതിച്ചു. യാത്രക്കാരന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആക്ഷേപിച്ചു എന്നാണ് പരാതി.ഓട്ടോയുടെ നമ്പര്‍ കുറിച്ച യാത്രക്കാരനോടു തന്റെ പേരും വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും കൂടി പറഞ്ഞു കൊടുത്താണ് ഓട്ടോ ഡ്രൈവര്‍ വെല്ലുവിളിച്ചത്. 

മന്ത്രിക്കും ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും ഇ മെയിലിലൂടെ അയച്ച പരാതി അവര്‍ ആര്‍ടിഒക്കു കൈമാറുകയായിരുന്നു. ഓട്ടോ സ്റ്റാന്‍ഡില്‍ അന്വേഷണത്തിനു ചെന്ന മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഗതാഗതവകുപ്പു കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ യൂണിയന്‍ അംഗത്വ കാര്‍ഡ് കാണിച്ചു ഡ്രൈവര്‍ നടപടിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഓട്ടോ സ്റ്റാന്‍ഡുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനാണു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ചെറിയ ട്രിപ്പുകള്‍ വിളിച്ചാല്‍ വരുന്നില്ല, വന്നാല്‍ തന്നെ കൊല്ലുന്ന കൂലി, മോശം പെരുമാറ്റം എന്നൊക്കെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കുറിച്ചുള്ള പരാതി കൂടി വരുന്നതിനാലാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com