'കഷ്ടമായി പോയി! ചന്ദ്രനിലേക്ക് പോകാന്‍ റെഡിയായി ഇരിക്കുകയായിരുന്നു'; പരിഹാസവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്പിളിമാമനെ കാണിച്ചാണ് അമ്മമാര്‍ സാന്ത്വനപ്പെടുത്താറ്. അങ്ങനെയുള്ള സ്ഥലത്തേക്ക് പോകാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമല്ലേ
'കഷ്ടമായി പോയി! ചന്ദ്രനിലേക്ക് പോകാന്‍ റെഡിയായി ഇരിക്കുകയായിരുന്നു'; പരിഹാസവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ ചന്ദ്രനിലേക്ക് അയക്കണമെന്ന ബിജെപി നേതാവിന്റെ പരാമര്‍ശത്തെ വീണ്ടും പരിഹസിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചന്ദ്രനിലേക്ക് പോകാന്‍ റെഡിയായി ടിക്കറ്റും കാത്തിരിക്കുകയായിരുന്നു, ആ അധ്യായം മടക്കിയെന്ന് അവരുടെ തന്നെ നേതാവ് പറഞ്ഞത് കഷ്ടമായി പോയെന്നും അടൂര്‍ പറഞ്ഞു. 

അമ്പിളിമാമനോട് കുഞ്ഞുനാള്‍ മുതല്‍ക്കെ വൈകാരിക ബന്ധമുണ്ട്. കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്പിളിമാമനെ കാണിച്ചാണ് അമ്മമാര്‍ സാന്ത്വനപ്പെടുത്താറ്. അങ്ങനെയുള്ള സ്ഥലത്തേക്ക് പോകാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമല്ലേ എന്ന് അടൂര്‍ ചോദിക്കുന്നു. ആരേയും കുറ്റം പറയാനോ, ഭരണത്ത ചോദ്യം ചെയ്യാനോ അല്ല പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രാമനാമം കൊലവിളിയായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കാനായിരുന്നു അത്, പിന്നെയും എന്ന തന്റെ തിരക്കഥാ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അടൂരിന്റെ പ്രതികരണം. 

സാധുക്കളെ കൂട്ടംകൂടി അടിച്ചു കൊല്ലുന്നത് കണ്ടുനില്‍ക്കാനാവില്ല. രാമനെ അറിയാത്തവരും, രാമായണം വായിക്കാത്തവരുമാണ് ഇതിന് പിന്നില്‍. ഇഷ്ടമില്ലാത്ത കാര്യം പറയുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തരുത്. ഇത്തരം മനോഭാവങ്ങള്‍ക്കെതിരെ കേരളം ഒറ്റകെട്ടായി നിലകൊള്ളുന്നു എന്നത് സന്തോഷകരമാണെന്നും അടൂര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com