ചാലക്കുടിയിലുണ്ടായത് 'വാട്ടര്‍സ്പൗട്ട്', ഏലൂരിലെ ചുഴലിക്കാറ്റ് 'ഗസ്റ്റനാഡോ'യെന്ന സൂചനയില്‍ ശാസ്ത്രജ്ഞര്‍

വെള്ളത്തെ വരെ ചുറ്റി വീശി ചാലക്കുടിയിലുണ്ടായ കാറ്റ് വാട്ടര്‍ സ്പൗട്ട് ആണെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പിക്കുന്നു
ചാലക്കുടിയിലുണ്ടായത് 'വാട്ടര്‍സ്പൗട്ട്', ഏലൂരിലെ ചുഴലിക്കാറ്റ് 'ഗസ്റ്റനാഡോ'യെന്ന സൂചനയില്‍ ശാസ്ത്രജ്ഞര്‍

കൊച്ചി: ഏലൂരും, ചാലക്കുടിയും കഴിഞ്ഞ ദിവസമുണ്ടായത് മിന്നല്‍ച്ചുഴലിയെന്ന് ശാസ്ത്രജ്ഞര്‍. ഈ ചുഴലിക്കാറ്റിന് കാരണം ഗസ്റ്റനാഡോയോ, വാട്ടര്‍ സ്പൗട്ടോ ആകാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

വെള്ളത്തെ വരെ ചുറ്റി വീശി ചാലക്കുടിയിലുണ്ടായ കാറ്റ് വാട്ടര്‍ സ്പൗട്ട് ആണെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പിക്കുന്നു. മലയാളത്തില്‍ ഇതിനെ മിന്നല്‍ ചുഴി എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് കുസാറ്റിലെ റഡാര്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. പുഴയുടെ മുകളിലുണ്ടാവുന്ന ചുഴലിയാണ് വാട്ടര്‍സ്പൗട്ട്. 

എന്നാല്‍, ഏലൂരിലുണ്ടായ കാറ്റിന്റെ ഉറവിടം എവിടെയെന്ന് ഉറപ്പിക്കാനാവാത്തത് കാരണമാണ് ഇത് വാട്ടര്‍ സ്പൗട്ടാണോ, ഗസ്റ്റനാഡാണോ എന്ന് ഉറപ്പിക്കാനാവാത്തത്. കരയിലുണ്ടാവുന്ന ചുഴലിയാണ് ഗസ്റ്റനാഡോ. ഏലൂരില്‍ പുഴയിലുണ്ടായ ചുഴി പിന്നീട് കരയിലേക്ക് കയറിയതാണോ എന്നാണ് പരിശോധിക്കുന്നത്. 

മണ്‍സൂണ്‍ കാലത്ത് ഇത്തരം പ്രതിഭാസങ്ങള്‍ കേരളത്തില്‍ ആദ്യമാണ്. അന്തരീക്ഷ താപനില വര്‍ധിക്കുകയും, പിന്നീട് പെട്ടെന്നുണ്ടാകുന്ന മഴയെ തുടര്‍ന്ന് അന്തരീക്ഷം തണുക്കുകയും ചെയ്യുമ്പോഴാണ് മിന്നല്‍ ചുഴിയുണ്ടാവുന്നത്. മഴയില്ലാതിരുന്ന കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷ താപനില കൂടുതലായിരുന്നു. ഭൂമിയില്‍ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ മുകളിലായിട്ടായിരിക്കും മിന്നല്‍ ചുഴിക്ക് കാരണമായ മാറ്റങ്ങള്‍ നടക്കുക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

ചൂട് കൂടിയിരിക്കുന്ന സമയത്ത് പെയ്യുന്ന മഴവെള്ളം ഭൂമിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം മുകളില്‍ വെച്ച് ബാഷ്പീകരിക്കും. ഇതിലൂടെ അവിടുത്തെ വായു പെട്ടെന്ന് തണുക്കുന്നു. തണുത്ത വായുവിന് സാന്ദ്രത കൂടുതലായതിനാല്‍ അത് പെട്ടെന്ന് തന്നെ താഴേക്കെത്തും. അന്തരീക്ഷത്തിലെ ഘര്‍ഷം കാരണം അത് മിന്നല്‍ ചുഴിയായി മാറുന്നു. തുലാവര്‍ഷത്തിനും, വേനല്‍ മഴയിലുമാണ് ഇത്തരം പ്രതിഭാസങ്ങള്‍ സാധാരണ കാണാറുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com