സുഷമ സ്വരാജിന്റെ മരണം തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരത്ത് വരുമ്പോള്‍ പരിപാടി ഇല്ലെങ്കില്‍ പോലും എയ്ര്‍പോര്‍ട്ട് വഴി പോകുമ്പോള്‍ വരണം എന്ന് പറയാറുണ്ട്. അത്രയുമധികം സ്‌നേഹത്തോടെ പെരുമാറിയിരുന്നു.
സുഷമ സ്വരാജിന്റെ മരണം തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. തന്നെ സംബന്ധിച്ചിടത്തോളം ഏറെ അവിശ്വസനീയമായ വാര്‍ത്തയാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം സുഷമയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിയിരുന്നു.

ദീര്‍ഘക്കാലത്തെ വ്യക്തിപരമായ ബന്ധം സുഷമ സ്വരാജുമായി ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരില്‍ സഹമന്ത്രിയായി ചുമതലയെടുത്തതിന് ശേഷം അവരെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നതായും മുരളീധരന്‍ പറഞ്ഞു. 'എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും നേരിട്ട് വരണമെന്ന് ഒരു ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനത്തുനിന്ന് തന്നോട് പറഞ്ഞിരുന്നു. 

തിരുവനന്തപുരത്ത് വരുമ്പോള്‍ പരിപാടി ഇല്ലെങ്കില്‍ പോലും എയ്ര്‍പോര്‍ട്ട് വഴി പോകുമ്പോള്‍ വരണം എന്ന് പറയാറുണ്ട്. അത്രയുമധികം സ്‌നേഹത്തോടെ പെരുമാറിയിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം മുന്‍ വിദേശകാര്യമന്ത്രി എന്നതിലുപരി വ്യക്തിപരമായ ബന്ധത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ തനിക്കപ്പോള്‍ അവരെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയുകയുള്ളു'- വി മുരളീധരന്‍ വ്യക്തമാക്കി. 

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുഷമയുടെ നില വഷളായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com