ഡോക്ടറെ സാക്ഷിയാക്കും; ശ്രീറാമിന്റെയും വഫയുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും; പഴുതടച്ച അന്വേഷണത്തിന് പ്രത്യേക സംഘം
By സമകാലികമലയാളം ഡെസ്‌ക് | Published: 08th August 2019 11:15 AM |
Last Updated: 08th August 2019 11:16 AM | A+A A- |

തിരുവനനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിന്റെ അന്വേഷണം ആദ്യംമുതല്‍ ആരംഭിക്കാന്‍ പൊലീസ് തീരുമാനം. കേസില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ശ്രീറാമിന് ജാമ്യം ലഭിക്കുന്നതിനും ഇടയാക്കിയതായി വിമര്‍ശനവും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് പഴുതടച്ച അന്വേഷണത്തിന് പൊലീസ് നീക്കം ആരംഭിച്ചത്.
വിശദമായ അന്വേഷണത്തിന്റെ ഭാഗമായി സംഭവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്റെയും സുഹൃത്ത് വഫ ഫിറോസിന്റെയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ശ്രീറാമിനെ ആദ്യം ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സാക്ഷിയാക്കിയും അന്വേഷണം കുറ്റമറ്റതാക്കാനാണ് പൊലീസ് തീരുമാനം. വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ ആദ്യം കൊണ്ടുപോയത് ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു. ശ്രീറാമിനെ മദ്യം മണക്കുന്നതായുളള ഡോക്ടറുടെ വാക്കുകള്‍ പുറത്തുവന്നിരുന്നു. പൊലീസ് പറയാതെ രക്തപരിശോധന നടത്താന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോക്ടറെ സാക്ഷിയാക്കി അന്വേഷണം ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം നിയമത്തില്‍ വെളളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെറ്റു ചെയ്തവര്‍ ആരായാലും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുകൂടാതെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞദിവസം ഗവര്‍ണര്‍ ഉള്‍പ്പെടെ കടന്നുപോകുന്ന വഴിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലേ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ നടപടി ശക്തമാക്കിയിരിക്കുന്നത്. കൂടാതെ ആദ്യ അന്വേഷണ സംഘത്തിലെ പൊലീസുകാരുടെയും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹനാപകടത്തില്‍ പൊലീസിനുണ്ടായ വീഴച അടക്കം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. എഡിജിപി ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.