വലിയ ഡാമുകളില്‍ വെളളം അമ്പത് ശതമാനത്തില്‍ താഴെ; ഇടുക്കിയില്‍ 24 ശതമാനം
By സമകാലികമലയാളം ഡെസ്‌ക് | Published: 08th August 2019 05:59 PM |
Last Updated: 08th August 2019 06:09 PM | A+A A- |

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും പ്രമുഖ ഡാമുകളിലെ നിലവിലെ വെളളത്തിന്റെ അളവ് സംഭരണശേഷിയുടെ 50 ശതമാനത്തില്‍ താഴെ മാത്രം. ഇടുക്കി, പമ്പ- ശബരിഗിരി, ഇടമലയാര്‍, കല്ലട, മലമ്പുഴ തുടങ്ങിയ പ്രമുഖ ഡാമുകളിലെ ജലത്തിന്റെ അളവ് ആശങ്ക കുറയ്ക്കുന്നതായി കേരള ദുരന്തനിവാരണ അതോറ്റി അറിയിക്കുന്നു.
കഴിഞ്ഞവര്‍ഷം എറണാകുളം ജില്ലയിലും സമീപപ്രദേശങ്ങളിലും വെളളപ്പൊക്കത്തിന് കാരണമായത് പെരിയാര്‍ നദി കരകവിഞ്ഞതാണ്. പെരിയാറിന്റെ കുറുകെ സ്ഥാപിച്ചിരിക്കുന്ന ഇടുക്കി ഡാം നിറഞ്ഞുകവിഞ്ഞതിനെതുടര്‍ന്ന് ഷട്ടര്‍ തുറന്ന് വെളളം പുറത്തേയ്ക്ക് ഒഴുക്കേണ്ടിവന്നതിനും ജില്ല സാക്ഷിയായി. ഇത്തവണ ഇതുവരെയുളള കണക്കനുസരിച്ച് ഡാമിന്റെ സംഭരണശേഷിയുടെ 24 ശതമാനം മാത്രമാണ് വെളളമുളളത്. കഴിഞ്ഞവര്‍ഷം പത്തനംതിട്ടയിലും ആലപ്പുഴയിലും വെളളപ്പൊക്കത്തിന് കാരണമായത് പമ്പ കരകവിഞ്ഞതാണ്. പമ്പാ നദിയിലെ പമ്പ-ശബരിഗിരി പദ്ധതിയിലും ആശങ്കപ്പെടേണ്ട വെളളമില്ല. സംഭരണശേഷിയുടെ 22 ശതമാനമാണ് ഇവിടത്തെ വെളളത്തിന്റെ അളവ്. ഷോളയാറിലും ഇടമലയാറിലും യഥാക്രമം 32, 28 ശതമാനം വെളളം മാത്രമാണ് ഉളളതെന്നും അറിയിപ്പില്‍ പറയുന്നു.
— Kerala State Disaster Management Authority (@KeralaSDMA) August 8, 2019
പാലക്കാട്ടെ പ്രമുഖ ഡാമായ മലമ്പുഴ ഡാമില്‍ 33 ശതമാനം വെളളം മാത്രമാണുളളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ നെയ്യാറില്‍ 69 ശതമാനവും കൊല്ലത്തെ കല്ലടയില്‍ 50 ശതമാനവുമാണ് വെളളത്തിന്റെ അളവ്. തൃശൂരിലുളള ചിമ്മിനി ഡാമിലെ വെളളത്തിന്റെ അളവ് സംഭരണശേഷിയുടെ 29.71 ശതമാനമാണ്. അതേസമയം കുറ്റിയാടിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സംഭരണശേഷിയുടെ 74 ശതമാനം വെളളമാണ് ഡാമിലുളളത്.
— Kerala State Disaster Management Authority (@KeralaSDMA) August 8, 2019
അതേസമയം കനത്തമഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കല്ലാര്‍കുട്ടി, മലങ്കര, പാബ്ല ഭൂതത്താന്‍ക്കെട്ട് ഡാമുകള്‍ക്ക് പുറമേ പെരിങ്ങല്‍ക്കുത്ത് , മംഗലം ഡാമുകളും തുറന്നു. കുറ്റിയാടി, പഴശി, കാരാപ്പുഴ എന്നി ഡാമുകളില്‍ നിന്നും വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഡാമുകള്‍ തുറന്നുവിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തീരപ്രദേശത്തുളളവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.