വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരു വയസ്സുകാരി മരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 08th August 2019 03:39 PM |
Last Updated: 08th August 2019 03:39 PM | A+A A- |
ഇടുക്കി: കനത്തമഴയില്‍ മണ്ണിടിഞ്ഞ് വീണ് ഒരു വയസ്സുകാരി മരിച്ചു. രാജേശരന്‍-നിത്യ ദമ്പതികളുടെ മകള്‍ മഞ്ജുശ്രീയാണ് മരിച്ചത്. ജെസിബി ഉപയോഗിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.
ഇടുക്കി ചിന്നക്കനാലില്‍ ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു. ഇതോടെ കനത്തമഴയില്‍ സംസ്ഥാനത്ത് മരണസംഖ്യ നാലായി ഉയര്‍ന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കന്നമഴയില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തുടങ്ങിയ ജില്ലകള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. ഇതിനിടെ താഴ്ന്നപ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായിട്ടുണ്ട്. പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നതുകൊണ്ട് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.