അമിത് ഷാ ബില്ലവതരിപ്പിക്കുന്നതിനിടെ പാട്ടുപാടി; അവ ദേശഭക്തിഗാനങ്ങളെന്ന് രമ്യ ഹരിദാസ്

അമിത് ഷാ ബില്ലവതരിപ്പിക്കുന്നതിനിടെ പാട്ടുപാടി - അവ ദേശഭക്തിഗാനങ്ങളെന്ന് രമ്യ ഹരിദാസ്
അമിത് ഷാ ബില്ലവതരിപ്പിക്കുന്നതിനിടെ പാട്ടുപാടി; അവ ദേശഭക്തിഗാനങ്ങളെന്ന് രമ്യ ഹരിദാസ്

കൊച്ചി: ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവികള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവേ താന്‍ പാട്ട് പാടി അപഹാസ്യയായി എന്ന പ്രചരണത്തിനെതിരെ പ്രതികരിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്.ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് രമ്യ ഹരിദാസ് ചര്‍ച്ച നടക്കവേ പാട്ട് പാടി അപഹാസ്യയായെന്ന് വാര്‍ത്ത വന്നത്.ഈ പോര്‍ട്ടലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ച് നിരവധി ട്രോളുകളാണ് രമ്യ ഹരിദാസിനെതിരെ വരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രമ്യ ഹരിദാസ്  പ്രതികരിച്ചത്.

'ചര്‍ച്ച നടക്കുന്ന സമയത്ത് മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയത്തിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ഞങ്ങള്‍ എല്ലാവരും പാട്ട് പാടിയിട്ടുണ്ട്. ഞാന്‍ മാത്രമല്ല മറ്റ് എം.പിമാരും പാടിയിരുന്നു. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരും മറ്റ് എം.പിമാരും ഉണ്ടായിരുന്നു. ഞാനാണ് ആരംഭിച്ചത്. മൂന്ന് ഗാനങ്ങളാണ് പാടിയത്. വന്ദേമാതരം, സാരേ ജഹാംസ അച്ഛേ, രഘുപതി രാഘവ രാജാറാം എന്നീ ദേശഭക്തി ഗാനങ്ങളാണ് ഞങ്ങള്‍ ആലപിച്ചത്. മൂന്ന് ഗാനങ്ങളും വിവിധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടായ ഗാനങ്ങളാണ്. മതേതരത്വവും എല്ലാവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുണ്ടായ ഉള്‍പ്പിരിവുകളില്‍ നിന്നാണ് നെഹ്‌റു അന്ന് ആര്‍ട്ടിക്കിള്‍ 370 നടപ്പിലാക്കുന്നതും കശ്മീരിന്റെ സംരക്ഷണവുമൊക്കെ അന്ന് നടപ്പിലാക്കിയത്. അത് റദ്ദാക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ, അഹിംസയുടെ ഭാഗമായുള്ള മുദ്രാവാക്യങ്ങളും ഗാനങ്ങളും ഉപയോഗിച്ച് എതിര്‍ക്കുക എന്നതാണ് അവിടെ പ്രയോഗിച്ചത്' രമ്യ ഹരിദാസ് പറഞ്ഞു.

ടി.എന്‍ പ്രതാപനും ഹൈബി ഈഡനും ജമ്മു കശ്മീര്‍ പ്രമേയം വലിച്ചുകീറി സഭയില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രമേയം വലിച്ചുകീറി പ്രതിഷേധിച്ച കേരളാ എം.പിമാരെ സ്പീക്കര്‍ ശാസിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com