ഡാമുകള്‍ തുറന്നു; ജാഗ്രതാനിര്‍ദേശം, ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് 

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ മലങ്കര, കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍ അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്
ഡാമുകള്‍ തുറന്നു; ജാഗ്രതാനിര്‍ദേശം, ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് 

കൊച്ചി:  സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ വിവിധ ഡാമുകള്‍ തുറന്നു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ മലങ്കര, കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍ അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്. തീരപ്രദേശത്തുളളവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നാളെമുതല്‍ മഴയുടെ ശക്തികുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം ഞായറാഴ്ച വരെ മഴ തുടരുമെന്ന് തമിഴ്‌നാട് വെതര്‍മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നുവിട്ടതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 30 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. 41.46 മീറ്ററാണ് രണ്ടുമണിക്കൂര്‍ മുന്‍പ് ഡാമിലെ ജലനിരപ്പ്. 

വടക്കന്‍ ജില്ലകള്‍ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ മഴ ജനജീവിതം ദുരിതപൂര്‍ണമാക്കി. മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി  ജില്ലകളാണ് വെളളപ്പൊക്കം നേരിടുന്നത്. നിലമ്പൂര്‍ ടൗണില്‍ വെളളം കയറി. മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വയനാട് മാത്രമായി 35 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ പെരിഞ്ചാംകുട്ടി, മാങ്കുളം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. നിരവധി വീടുകള്‍ തകര്‍ന്നു. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു.

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്താകെ പത്ത് യൂണിറ്റിനെ വിന്യസിക്കും. ജില്ലാ ഭരണകൂടങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com