മെട്രോയ്ക്ക് പിന്നാലെ കൊച്ചിയിലേക്ക് ട്രാം വരുന്നു ; അരനൂറ്റാണ്ടിന് ശേഷം പുതുമോടിയോടെ കേരളത്തിലേക്ക്

ലഘു മെട്രോ പദ്ധതിയായ ട്രാമിന്റെ സാധ്യത പഠനം പൂർത്തിയാക്കി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി
മെട്രോയ്ക്ക് പിന്നാലെ കൊച്ചിയിലേക്ക് ട്രാം വരുന്നു ; അരനൂറ്റാണ്ടിന് ശേഷം പുതുമോടിയോടെ കേരളത്തിലേക്ക്

കൊച്ചി: മെട്രോ കടന്നു വരാത്ത മെട്രോ നഗര വീഥികളിലേക്ക് ​ഗതാ​ഗതരം​ഗത്ത് പുത്തൻ സാധ്യതയുമായി  ട്രാം രംഗത്തെത്തിയേക്കും. എറണാകുളം ഗോശ്രീ മുതൽ തോപ്പുംപടി വഴി ഫോർട്ട് കൊച്ചിയിലെത്തുന്ന ലഘു മെട്രോ പദ്ധതിയായ ട്രാമിന്റെ സാധ്യത പഠനം പൂർത്തിയാക്കി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ഗതാഗത വകുപ്പ് ആണ് പദ്ധതി തയ്യാറാക്കിയത്. 1000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് രണ്ട് ഘട്ടങ്ങളുണ്ട്.

മെട്രോ റെയിൽ കടന്ന് പോകാത്ത മേഖലകളെയാണ് ട്രാം ബന്ധിപ്പിക്കുക. ഒന്നാം ഘട്ടം പത്ത് കിലോമീറ്റർ ദൈർഘ്യത്തിലുള്ളതാണ്. ഗോശ്രീ പാലത്തിന് സമീപത്ത് നിന്നും തുടങ്ങി ഹൈക്കോടതി, മറൈൻഡ്രൈവ്, പാർക്ക് അവന്യു, മഹാരാജാസ് കോളേജ്, രവിപുരം, ഷിപ്പയാർഡ്, പെരുമാനൂർ, നേവൽ ബേസ്, വെല്ലിംഗ്ടൺ, തോപ്പുംപടി, ചുള്ളിക്കൽ, മട്ടാഞ്ചേരി വഴി ഫോർട്ട് കൊച്ചിയിലെത്തുന്നതാണ് ഒന്നാം ഘട്ടം. 

തോപ്പുംപടിയിൽ നിന്നും ഇടക്കൊച്ചിയിലേക്കാണ് രണ്ടാം ഘട്ടം. ആകെ 20 കിലോമീറ്റർ. ഗോശ്രീ, തോപ്പുംപടി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ ഇന്റർ ചേഞ്ച് ബസ് ടെർമിനലുകളും സ്ഥാപിക്കും. കൊച്ചി മെട്രോ റെയിലുമായി ബന്ധിപ്പിച്ച് എംജി റോഡിലും ടെർമിനൽ ഒരുക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാമിൽ 200 പേർക്ക് യാത്ര ചെയ്യാം. റോഡിന് സമാന്തരമായി റെയിലിലൂടെയാണ് സഞ്ചാരം. 

റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയാണ് പുതുതലമുറ ട്രാം പദ്ധതിയൊരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ തുടർ നടപടികളാരംഭിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. രാജ്യത്ത് ഇപ്പോൾ കൊൽക്കത്തയിൽ മാത്രമാണ് ട്രാം സർവീസ് നടത്തുന്നത്. 

നേരത്തെ കൊച്ചിയിൽ രാജ ഭരണകാലത്ത് ചാലക്കുടിയേയും പറമ്പിക്കുളം വന്യജീവി സങ്കേതത്തെയും ബന്ധിപ്പിച്ച് 1907ൽ ട്രാം സർവീസ് നടത്തിയിരുന്നു. വനത്തിൽ നിന്നും തേക്കും ചന്ദനവും മറ്റും ചാലക്കുടിയിലെത്തിക്കാനായിരുന്നു ഇത്. 1963 ൽ കൊച്ചിൻ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാം വേ സർവീസ് പൂർണമായും അവസാനിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com