'ചെളിയുടെ മുകളില്‍ ഒരു കൈ ഇങ്ങനെ ആട്ടുകയാണ്, മരവിച്ചുപോയ അവസ്ഥ, ഭീകരാവസ്ഥ'; വിറങ്ങലിച്ച് പുത്തുമല
By സമകാലികമലയാളം ഡെസ്‌ക് | Published: 09th August 2019 10:40 AM |
Last Updated: 09th August 2019 10:42 AM | A+A A- |

കല്‍പ്പറ്റ: ആരും നിനച്ചിരിക്കാതെ പെട്ടെന്നാണ് അതെല്ലാം സംഭവിച്ചത്. വയനാടിനെ വിറപ്പിച്ച് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വന്‍ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. തകര്‍ന്ന കെട്ടിടത്തിനുളളില്‍ എത്രപേര്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇന്നലെ 204.3 മില്ലിമീറ്റര്‍ മഴയാണ് വയനാട്ടില്‍ പെയ്തത്. ഇന്നും 24 മണിക്കൂറിനുളളില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുളള സാധ്യതയാണുളളത്.
ശക്തമായ മഴയും കാറ്റും വൈദ്യുതി ബന്ധം നിലച്ചതും മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം തകരാറിലായതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു.ഈ പ്രദേശത്ത് എത്തിപ്പെടാനും പ്രയാസമുണ്ട്. ഇതിനിടെ ദുരന്തത്തെ മുഖാമുഖം കണ്ടവരുടെ നേര്‍ക്കാഴ്ചകളും ആശങ്കകളും പങ്കുവെച്ചുകൊണ്ടുളള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
'ഞാനിപ്പോ ഉള്ളത് നെടുമ്പാലയാണ്. അവിടുന്നു നടന്നാണു വന്നത്. എന്റെ ലൈഫില്‍ ഞാന്‍ ഇതുപോലെ സംഭവം കണ്ടിട്ടില്ല. ചെളിയുടെ മുകളില്‍ ഒരു കൈ ഇങ്ങനെ ആട്ടുകയാണ്. കരയുകയാണോ രക്ഷിക്കാനാണോ എന്നൊന്നും അറിയില്ല. ഒന്നും ചെയ്യാനാകില്ല. ഒരു രക്ഷയുമില്ല. മരവിച്ചുപോയ അവസ്ഥ. എല്ലാവരും ഫോറസ്റ്റ് ഓഫിസിലാണ്. ഒരു ഐഡിയയുമില്ല. ഇനിയൊക്കെ പടച്ചോന്‍ വിധിച്ചപോലെ നടക്കും' - ഏവരുടെയും നെഞ്ചുതകര്‍ക്കുന്ന നിരവധി വോയ്‌സ് ക്ലിപ്പുകളില്‍ ഒന്നിലെ വാക്കുകളാണിവ.
'ഞങ്ങള്‍ ഇങ്ങനെ കുറെ ആളുകള്‍ പാലം നോക്കി നില്‍ക്കുന്നുണ്ട്. കുറെ ആള്‍ക്കാര്‍ കടയുടെ മുന്നില്‍, കുറെ ചെക്കന്മാരും കടയുടെ മുന്നില്‍നിന്നു ചായ കുടിച്ചു പുറത്തുനില്‍ക്കുന്നുണ്ട്. അപ്പോഴാണ് ഈ ഒച്ച കേള്‍ക്കുന്നത്. അപ്പോ നോക്കുമ്പോ കണ്ടുനിന്ന ആളുകള്‍ ഓടി. ഇറങ്ങാന്‍ പറ്റുന്നവരും പുറത്തുള്ളോരും ഇറങ്ങിയോടി. ഓടുന്ന എല്ലാവരും മുകളിലേക്കാണ് കേറുന്നത്.
ആ വരവിലാണ് മുകളില് ഇമ്മടെ പള്ളി പോയ്ക്കണ് എന്നതു നൂറു ശതമാനം ഉറപ്പ്. കറക്ട് ആയി കാണാന്‍ പറ്റിയില്ല. പിന്നെ കാറും പള്ളിയുമൊന്നും ആരും മൈന്‍ഡ് ചെയ്യുന്നില്ലല്ലോ. അവിടെയൊരു ക്വാര്‍ട്ടേഴ്‌സ് ഉണ്ടായിരുന്നു. അത് മൊത്തത്തില്‍ പോയി. കാന്റീന്‍ പോയി. രണ്ടുമൂന്നാല് കാറുകള്‍ പോയി. കുറെ ആളുകള്‍ കാണാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവരൊക്കെ ഓടിരക്ഷപ്പെട്ടോ മണ്ണിനടിയില്‍പെട്ടോ എന്നൊന്നും അറിയില്ല. എന്തായാലും ആ ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ മണ്ണിന്റെ അടിയില്‍പ്പെട്ടിരിക്കാണ്. അതുറപ്പാണ്. കാന്റീനിലുള്ളവരും മണ്ണിനടിയിലാണ്. കാന്റീന്‍ നടത്തിയിരുന്നവരുടെ ഒന്നരവയസ്സുള്ള കുട്ടിയെ കാണാനില്ല. മേപ്പാടി തട്ടുകടയില്‍ നിന്നിരുന്ന ചെക്കനാണ്. ചെക്കനെ അപ്പോള്‍ത്തന്നെ ചെളിയില്‍നിന്നു പൊക്കി. കുട്ടി മിസ്സിങ്ങാണ്.'- ഇത് ദുരന്തം മുഖാമുഖം കണ്ട ഒരാളുടെ ഹൃദയസ്പൃക്കായ വാക്കുകളാണ്.
'നാലാളുകള്‍ കാറിനുള്ളില്‍ പെട്ടിട്ടുണ്ടെന്നാണു സംശയം. ഹെലികോപ്റ്റര്‍ സംവിധാനമില്ലാതെ ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കില്ല. അവസാന സന്ദേശമാണ്. ഇനി എന്താണു സംഭവിക്കുകയെന്നറിയില്ല. മണ്ണിനടിയില്‍നിന്നു കിട്ടിയവരെ വിംസ് ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ട്'
'ഞാന്‍ ഹുസൈന്‍ ചൂരമല. കരാട്ടെ ഇന്‍സ്ട്രക്ടര്‍ ആണ്. ദയനീയ അവസ്ഥയാണ് ഇവിടെ. ഏറ്റവും താഴെയുള്ള വീടും പള്ളിയും അമ്പലവും താഴെയുള്ള വീടുകളും നശിച്ചുവെന്നാണു പറയപ്പെടുന്നത്. ഭീകരാവസ്ഥയാണ് ഇവിടെ'- ഇത്തരത്തില്‍ ദുരന്തത്തിന്റെ ഭീകരാവസ്ഥയും ദൈന്യതയും ആശങ്കയും പങ്കുവെയ്ക്കുന്ന നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.