ഉരുള്‍പ്പൊട്ടല്‍: നാടുകാണി ചുരത്തില്‍ കുടുങ്ങിയ അന്‍പതോളം പേരെ സാഹസികമായി രക്ഷപ്പെടുത്തി 

മഴയും ഉരുള്‍പ്പൊട്ടലും അവസാനിക്കുന്നത് വരെ ഒരു കാരണവശാലം നിലമ്പൂര്‍ നാടുകാണി ചുരത്തിന്റെ ഭാഗത്തേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
ഉരുള്‍പ്പൊട്ടല്‍: നാടുകാണി ചുരത്തില്‍ കുടുങ്ങിയ അന്‍പതോളം പേരെ സാഹസികമായി രക്ഷപ്പെടുത്തി 

മലപ്പുറം: നാടുകാണി ചുരത്തില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആളുകളെ നാടുകാണി പൊലീസ് സ്‌റ്റേഷനില്‍ സുരക്ഷിതമായി എത്തിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകളിലടക്കം കുടുങ്ങി കിടന്നവരെയാണ് രക്ഷിച്ച് സുരക്ഷിത സ്ഥലത്ത് എത്തിച്ചത്. 

തമിഴ്‌നാട്ടിലെ ദേവാലയ, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് ചുരത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. കെഎസ്ആര്‍ടിസികള്‍ ഉള്‍പ്പെടെ മുപ്പതോളം വാഹനങ്ങളിലായി ഏകദേശം അന്‍പത് ആളുകള്‍ ചുരത്തില്‍ കുടുങ്ങിയിട്ടുണ്ടായിരുന്നു എന്നാണ് വിവരം.

ചുറ്റിലും മലവെള്ളപ്പാച്ചിലും മഴയും ഉള്ള സാഹചര്യത്തിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. നാളെ രാവിലെ എന്‍ഡിആര്‍എഫ് പ്രവര്‍ത്തകര്‍ എത്തിയശേഷം മാത്രമേ ഇവര്‍ക്ക് രക്ഷപ്പെടാന്‍ നിര്‍വ്വാഹമുണ്ടായിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടിലെ ചില രക്ഷാപ്രവര്‍ത്തകരുടെ സഹായഹസ്തം ഇവര്‍ക്ക് ലഭിച്ചത്. 

കനത്ത മഴയെത്തുടര്‍ന്ന് പ്രദേശത്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെ മലവെള്ളപാച്ചിലുണ്ടായതായി രക്ഷപ്പെട്ടവരുടെ സംഘത്തിലുണ്ടായിരുന്ന ബസ് കണ്ടക്ട്ര്‍ ജൂബി പറഞ്ഞു. പ്രദേശത്ത് നിരവധി തവണ ഉരുള്‍പൊട്ടലുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ കൃത്യസമയത്ത് എത്തി രക്ഷിച്ചത് കൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും ജൂബി കൂട്ടിച്ചേര്‍ത്തു.  

അതേസമയം, മഴയും ഉരുള്‍പ്പൊട്ടലും അവസാനിക്കുന്നത് വരെ ഒരു കാരണവശാലം നിലമ്പൂര്‍ നാടുകാണി ചുരത്തിന്റെ ഭാഗത്തേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com